
ഭക്തിയും ദുഃഖവുമാണ് ദലീമയുടെ ഭാവസാന്ദ്രമായ ശബ്ദത്തിലൂടെ മലയാളികളിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ ഈ അനുഗ്രഹീത ഗായികയുടെ മനസ് നിറഞ്ഞു തുളുമ്പുന്നത് കാരുണ്യം കൊണ്ടാണ്. ഭക്തി അതിന് വെളിച്ചം കാട്ടുന്നു. പാട്ടിന്റെ ലോകത്ത് നിന്ന് ജന സേവനത്തിലേക്കിറങ്ങാൻ ദലീമയെ പ്രേരിപ്പിച്ചതും മറ്റുള്ളവരുടെ ദുഃഖത്തിൽ ആർദ്രമാകുന്ന ഈ മനസാണ്. ഓർമ്മയുടെ നൂറു നൂറ് പുൽക്കൂടുകൾ ഒരുങ്ങുന്ന ഈ ക്രിസ്മസ് ദിനങ്ങളിൽ കടന്നു വന്ന വഴികളിലൂടെ ദലീമയുടെ പിൻനടത്തം...
പാട്ടും  പള്ളിയും
എന്റെ ബാല്യകാല ഓർമ്മകളിലെല്ലാം പള്ളിയിൽ മൈക്കും പിടിച്ച് പാടുന്നത് മാത്രമേയുള്ളൂ. എന്നാണ് പാടിത്തുടങ്ങിയതതെന്ന് ഓർമ്മയില്ല. അത്രയ്ക്ക് പിഞ്ചായിരുന്നു. എഴുപുന്നയാണ് എന്റെ വീട്. ഞങ്ങളുടെ നാട്ടിൽ പ്രിൻസ് ഒഫ് ബിഥോവൻ എന്ന പേരിൽ ഒരു ക്വയർ ടീമുണ്ടായിരുന്നു. ഗിറ്റാർ, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങൾ വായിക്കുന്നവരും പാടുന്നവരും ധാരാളം. എന്റെ സഹോദരനും നന്നായി പാടും. അവർ പ്രോഗ്രാമിന് പോകുന്ന കൂട്ടത്തിൽ ഞാനുമുണ്ടാകും. അച്ഛനാണ് എന്നെ തോളിലിട്ട് ഓരോ പള്ളികളിലേക്കും കൊണ്ടുപോയിരുന്നത്. അച്ഛനും പാടുമായിരുന്നു. വേദിയിൽ നിന്ന് ആദ്യം പാടിയത്  ജാനകിയമ്മയുടെ 'ലോകം മുഴുവൻ സുഖം പകരാനായ് "എന്ന പാട്ടാണ്. അന്നേ റേഡിയോയിൽ ഏതെങ്കിലും  പാട്ടു കേട്ട് ഇഷ്ടമായാൽ  അതെന്റെ ഹൃദയത്തിൽ പതിയും. 
പിറ്റേ ദിവസം അത് കൃത്യമായി പാടിയിരിക്കും. കൂടാതെ ചേട്ടനും അച്ഛനുമെല്ലാം പാട്ടുകൾ പഠിപ്പിച്ച് തന്നിരുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ ക്രിസ്മസിന് ഒരാഴ്ച മുമ്പേ പ്രാക്ടീസ് തുടങ്ങും. ക്രിസ്മസും പള്ളിയും ഭക്തിയും ജീവിതവുമായി ഇഴപിരിക്കാനാവാത്ത വിധം ചേർന്നു കിടക്കുകയാണ്. പാട്ട് പ്രൊഫഷനായി എടുത്ത ശേഷം ക്രിസ്മസ് തിരക്കുകളുടെ കൂടി കാലമായി. റെക്കോഡിംഗുകളും ക്രിസ്ത്യൻ ഭക്തി ഗാനമേളകളുമുണ്ടാവും. പള്ളികളിൽ സംഘടിപ്പിക്കുന്ന കരോൾ ഗാനസന്ധ്യ പോലെയുള്ള പരിപാടികളുടെ വിധികർത്താവായി പോകും. ഇത്തവണയും റെക്കോഡിംഗുണ്ടായിരുന്നു. ഉണ്ണീശോയുടെ പാട്ട് പാടി. സിനിമയിലേക്കും റെക്കോഡിംഗുകളിലേക്കും വന്നപ്പോൾ പള്ളിയിൽ പാടുന്നത് നിറുത്തി. തിരക്കു മാത്രമല്ല കാരണം. നമ്മൾ പാടാൻ ചെന്നാൽ വളർന്നു വരുന്ന പാട്ടുകാരുടെ അവസരം പോകില്ലേ. എനിക്ക്  ലഭിച്ചതുപോലെ അവസരങ്ങൾ അവർക്കും ലഭിക്കണമല്ലോ.
അമ്മയുടെ കൈപ്പുണ്യം
ഞങ്ങൾ കുട്ടികൾക്ക് ക്രിസ്മസ് ആഘോഷങ്ങളുടെ കാലമായിരുന്നു. മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന കൂറ്റൻ നക്ഷത്രങ്ങളും അമ്മച്ചിയുണ്ടാക്കുന്ന രുചികരമായ ഭക്ഷണവും പുതിയ വസ്ത്രങ്ങളും വലിയ സന്തോഷങ്ങളാണ്. അക്കാലത്ത് നക്ഷത്രങ്ങൾ വാങ്ങാറില്ല. പേപ്പറും മുളയും കൊണ്ടും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഉള്ളിൽ വിളക്ക് കത്തിച്ചു വയ്ക്കും. അമ്മച്ചി ക്രിസ്മസിന്റെ തലേ രാത്രി ഉറങ്ങില്ല. എല്ലാവരും തണുപ്പത്ത് മൂടിപ്പുതച്ച് ഉറങ്ങുമ്പോൾ അമ്മച്ചി അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഞങ്ങൾക്കു വേണ്ടി ഉറങ്ങാതെ കത്തിയ ഒരു വിളക്കായിരുന്നു അമ്മച്ചി. 11 മക്കളിലേക്കും പ്രകാശം പകർന്നത് ആ വിളക്കാണ്. അമ്മച്ചി എല്ലാത്തരും ഭക്ഷണവുമുണ്ടാക്കും. ക്രിസ്മസിന് രണ്ട് തരം അപ്പം പുഴുങ്ങും. ശർക്കര ചേർത്ത ബ്രൗൺ നിറമുള്ള അപ്പവും പഞ്ചസാര ചേർത്ത തൂവെള്ള നിറമുള്ള അപ്പവും. പിന്നെ താറാവ് കറി, മീൻ വിഭവങ്ങൾ, സ്റ്റ്യൂ, ഇറച്ചിയുടെ മറ്റ് വിഭവങ്ങൾ. ഇഷ്ടം പോലെ ഭക്ഷണമാണ്. 
ധാരാളം മീൻ കിട്ടുന്ന  സ്ഥലമാണ് എഴുപുന്ന. കരിമീനും വരാലുമൊക്കെയാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം. കടൽമീനിനോട് അത്ര പ്രിയമില്ല. ക്രിസ്മസിന് മാത്രമല്ല ഓണം അടക്കമുള്ള എല്ലാ വിശേഷങ്ങൾക്കും അമ്മ ഇഷ്ടം പോലെ ഭക്ഷണമുണ്ടാക്കും. അയൽ വീടുകളിലേക്കെല്ലാം  ഞങ്ങളുടെ കൈയിൽ തന്നുവിടും. അവർ തിരിച്ചും കൊടുത്തയ്ക്കും. അന്ന് അയൽപക്ക ബന്ധമെന്നു പറഞ്ഞാൽ ഒരു പ്രത്യേകതയാണ്. അയൽവീട്ടിൽ വിരുന്നുകാർ വന്നാൽ പുറകിലൂടെ ചെന്ന് അവർക്ക് കൊടുക്കാൻ എന്തെങ്കിലുമുണ്ടോയെന്ന്  അമ്മമാർ ചോദിക്കും. ഇല്ലെങ്കിൽ കൊണ്ടുപോയി കൊടുക്കും. അമ്മ ധാരാളം കൃഷി ചെയ്യുമായിരുന്നു. അവധിക്കാലമായാൽ  ഒരു മുറി നിറയെ മാങ്ങയായിരിക്കും. പച്ചക്കറിയും മാങ്ങയും ഒന്നും വിൽക്കില്ല. പരിസരത്തുള്ള എല്ലാവർക്കുമായി പങ്കിട്ടുകൊടുക്കും. സ്വാർത്ഥതയില്ലാത്ത സംതൃപ്തമായ ജീവിതമാണ് ഓർമ്മ നിറയെ.
പ്രാർത്ഥന മാത്രം
പുതിയ തലമുറയ്ക്ക് അത്തരം ഓർമ്മകൾ കുറവാണ്. ക്രിസ്മസായാൽ മക്കൾക്ക് തറവാട്ടിലേക്ക് പോകാനാണ് ഉത്സാഹം. ഞങ്ങൾ രണ്ടുപേരുടെയും തറവാടുകളിലായാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അതുമാത്രമാണ് മക്കൾക്ക് കൊടുക്കാനാവുന്ന സന്തോഷം. ഞാനും ഭർത്താവ് ജോജോയും അവരവരുടെ വീടുകളിൽ ഏറ്റവും ഇളയവരാണ്. സഹോദരങ്ങളും മക്കളുമെല്ലാം ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ഞങ്ങൾ അരൂരാണ് താമസിക്കുന്നത്. ഇവിടെ പട്ടണ ജീവിതമാണ്. എല്ലാവരും ജോലിക്കു പോകുന്നു മക്കളെ പഠിപ്പിക്കുന്നു. ആരും ആരുടെയും വീട്ടിൽ മക്കളെ വിശ്വസിച്ച് വിടാറില്ല. മൊബൈലിൽ നോക്കി പിള്ളാരും അച്ഛനമ്മമാരുമെല്ലാം സമയം കളയുന്നു. കഞ്ചാവും മദ്യവുമൊക്കെ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് ഏത് നിമിഷവും കടന്നുവന്നേക്കാം. എല്ലാത്തിനെയും മറികടക്കാൻ പ്രാർത്ഥിക്കുകയല്ലാതെ മറ്റ് വഴികളില്ല എന്നാണ് എന്റെ വിശ്വാസം. എന്നും മക്കളോടൊപ്പമിരുന്ന് ബൈബിൾ വായിക്കും പ്രാർത്ഥിക്കും. ദൈവം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്നവർക്ക് പറഞ്ഞ് കൊടുക്കും.
ജോജോ മ്യുസീഷ്യനാണ്. ഗ്രിഗോറിയൻ പബ്ളിക് സ്കൂളിൽ സംഗീത അദ്ധ്യാപകനായി ജോലി ചെയ്യുന്നു. മകൾ ആർദ്രാ ജോജോ ഇപ്പോൾ പ്ളസ് ടു  കഴിഞ്ഞ് ജർമ്മൻ പഠിക്കുന്നു. ജർമ്മനിയിലേക്ക് പോകണമെന്നാണ് അവളുടെ ആഗ്രഹം. മകൻ കെൻ ജോജോ  പ്ളസ് വണ്ണിന് പഠിക്കുന്നു. രണ്ടുപേർക്കും സംഗീതത്തോട് താത്പര്യമുണ്ട്. ഇൻസ്ട്രമെന്റ്സൊക്കെ  പഠിക്കുന്നു. കൂടുതലിഷ്ടം ഇംഗ്ളീഷ്  പാട്ടുകളോടാണ്. പുതിയ കാലത്തെ പിള്ളേരായതുകൊണ്ടാകും.
സേവനത്തിന്റെ വഴികൾ
ഞാൻ ഇടയ്ക്ക് ജനസേവനത്തിലേക്ക് കൂടി കടന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ മെമ്പറാണ്. അമ്മയാണ് അതിന്റെ പ്രചോദനം. നേരത്തെ പറഞ്ഞപോലെ എല്ലാവരോടും അലിവും കരുതലുമുള്ളയാളായിരുന്നു അമ്മ. എനിക്ക് രാഷ്ട്രീയമറിയില്ല. പക്ഷേ, പണ്ടുമുതലേ മനസു നിറയെ കരുണയാണ്. മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ ഞാനും വേദനിച്ച് പിടയും. ആർക്കെങ്കിലും എന്തെങ്കിലും സങ്കടം വന്നാൽ കവിതയായി എഴുതി വയ്ക്കും. ഒരു കുഞ്ഞിനെ കാണാതായാൽ ആ അമ്മയുടെ ദുഃഖം ഞാനും അനുഭവിക്കും. എങ്ങനെയോ വഴിതെറ്റി രാഷ്ട്രീയത്തിലെത്തി. മറ്റുള്ളവർക്കായി ചെറിയ നന്മയെങ്കിലും ചെയ്യാൻ ദൈവം ഒരു അവസരം തന്നതായിരിക്കും. അതിൽ തൃപ്തയൊന്നുമല്ല. ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന അവകാശവാദങ്ങളുമില്ല. കഴിയും പോലെ മറ്റുള്ളവരെ സഹായിക്കുന്നു.
ഇത്രയും ലോലമായ മനസ് സിനിമയ്ക്കൊന്നും പറ്റിയതാണെന്ന് തോന്നുന്നില്ല. ഞാനൊരിക്കലും സ്വയം വലുതായി എന്ന് ചിന്തിച്ചിട്ടില്ല. പാടാൻ തുടങ്ങിയ കാലംതൊട്ട് പ്രൊഡ്യൂസറോട് പ്രതിഫലത്തെ കുറിച്ച് പറയുമ്പോൾ എന്റെ ഹൃദയം പിടയും. ദൈവമേ, ഈ തുക തരാൻ അവർ എത്രമാത്രം കഷ്ടപ്പെട്ടു കാണും എന്ന് ചിന്തിക്കും. അന്നേ സ്വന്തം മൂല്യം കുറച്ചുകാണാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഒരു മീഡിയം ഗായികയായാണ് എന്നും മുന്നോട്ടുപോയത്. പണ്ട് ദൈവത്തോട് കുറച്ച് പരാതിയൊക്കെ പറയുമായിരുന്നു. കുറച്ച് നാൾ മുമ്പ്  ഞാനൊന്നു മറിഞ്ഞു വീണു. എഴുന്നേൽക്കാൻ കഴിയാതെ കുറേ ദിവസം കിടന്നു. വേദന കാരണം പിടയുകയായിരുന്നു. അപ്പോഴാണ് അതുവരെ ജീവിച്ചത് സ്വർഗത്തിലാണെന്ന് മനസിലായത്.
അനുഗ്രഹം ചൊരിഞ്ഞവർ
ഇതുവരെയുള്ള ജീവിതത്തിൽ പൂർണമായും തൃപ്തയാണ്. ഏഴായിരത്തിലധികം പാട്ടുകൾ പാടി. ആളുകൾ തിരിച്ചറിയുന്നു. പ്രാർത്ഥിക്കുമ്പോൾ ഇതിനെല്ലാം നന്ദി പറഞ്ഞിട്ടേ കർത്താവിന്റെ നടയിൽ നിന്ന് എഴുന്നേൽക്കാറുള്ളൂ. ഈ നിമിഷം വരെ ജീവിക്കാനായതിൽ സന്തോഷമുണ്ട്. ഒരുപാട് നന്മകളുള്ള മനുഷ്യരുണ്ട്. സ്വഭാവത്തിൽ അവരുടെ അരികിലെങ്കിലും എത്താൻ കഴിയണേ എന്ന പ്രാർത്ഥനയേയുള്ളൂ. ശ്രദ്ധേയമായ ഭക്തിഗാനങ്ങൾ പാടാൻ അവസരം കിട്ടിയിട്ടുണ്ട്. കോട്ടയത്ത് വയലിൻ ജേക്കബ് എന്നൊരു സംഗീതജ്ഞനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ മൃദുവായി, ഈശോ നാഥാ തുടങ്ങിയ പാട്ടുകൾ എനിക്ക് ജീവനാണ്. അച്ഛനും അമ്മയും വിടപറഞ്ഞുപോയതാണ് ഏറ്റവും വലിയ നഷ്ടം. അതുകൊണ്ട് പ്രായമായ ആരെ കണ്ടാലും സ്നേഹമാണ്. അവരുടെ കഥകൾ കേട്ടിരിക്കും. ഏത് മാതാപിതാക്കളെ കണ്ടാലും അവരുടെ അനുഗ്രഹം കിട്ടണേ എന്നാണ് പ്രാർത്ഥിക്കുക. അച്ഛൻ പത്തു വർഷത്തോളം തളർന്ന് കിടപ്പായിരുന്നു. സഹോദരങ്ങളൊക്കെ കല്യാണം കഴിച്ചു പോയതുകാരണം അക്കാലത്ത് ഞാനും അമ്മച്ചിയുമാണ്  അച്ഛനെ നോക്കിയിരുന്നത്. രാത്രി രണ്ട് മണിവരെ ഇരുന്ന് പാട്ട് പാടിക്കൊടുക്കും. കോമയിൽ കിടക്കുകയായിരുന്ന അച്ഛൻ അത് കേട്ടുകാണുമോ, അറിയില്ല. അവർ നമ്മളെ എത്രനാൾ തോളിലിട്ട് വളർത്തിയതാണ്. അവരുടെ ദൈന്യതയിൽ നോക്കാൻ കഴിയുന്നതല്ലേ ഏറ്റവും വലിയ പുണ്യം.
l