സ്റ്റാഫ് റൂമിൽ നന്ദകുമാർ സാറിന്റെ രീതികൾ സഹപ്രവർത്തകർ പറഞ്ഞു ചിരിക്കും. കുട്ടികളെ പഠിപ്പിച്ചു വലിയ ആളാക്കാൻ നടക്കുന്നു. വാങ്ങുന്ന ശമ്പളത്തിന് കുറച്ചൊക്കെ പഠിപ്പിക്കണം. കളപറിക്കാനും വളമിടാനുമൊക്കെ നടക്കുന്നതെന്തിന്? അങ്ങേരുടെ ഭാര്യയ്ക്കാണെങ്കിൽ ദീർഘകാലമായി ചികിത്സ. മക്കളിൽ ഒരാൾക്ക് അപൂർവരോഗവും. കിട്ടുന്ന സമയം നാടു നന്നാക്കാൻ നടക്കാതെ വീട്ടിലിരുന്നുകൂടെ? സഹപ്രവർത്തകരിൽ അധികവും ഇത്തരത്തിലാണ് വിലയിരുത്തുന്നത്. പ്രഭാകരൻ സാർ മാത്രം അതിനെ എതിർക്കും.
ഓരോ ഡിവിഷനിലെയും പത്തുകുട്ടികളുമായി നാട്ടിലെ പാവപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കും. അവശരായവർക്ക് സഹായം നൽകും. അതിനായി സന്മനസുള്ളവരുടെ ഒരു കൂട്ടായ്മയുമുണ്ട്. മാസത്തിലൊരു ദിവസം സുമനസുകളായ കുറേപേർ ഒരു ദിവസത്തെ വേതനം അതിനായി നൽകും. പേരും പ്രശസ്തിയുമൊന്നും ആഗ്രഹിക്കാത്ത ഒരു വലിയ സംഘമുണ്ട് അതിന് പിന്തുണയുമായി. കൂലി വേലക്കാരെയും നിർദ്ധനരെയും ആദ്യം സമീപിച്ചിരുന്നില്ല. കുറേക്കഴിഞ്ഞപ്പോൾ അവർ പരാതിയുമായി നന്ദകുമാറിനെ സമീപിച്ചു. ഞങ്ങൾ പാവങ്ങളായതുകൊണ്ടാണോ? പാവങ്ങൾക്കുമുണ്ട് സന്മനസ്. ഞങ്ങളും നൽകാം ഒരു ദിവസത്തെ വേതനം. അങ്ങനെ നാട്ടിൻപുറത്തെ ആ സ്നേഹക്കൂട്ടായ്മ നന്നായി നടക്കുന്നു. സ്വാർത്ഥമോഹികൾ അതിനെ കളിയാക്കും, വിമർശിക്കും.
പത്തു 'എ"യിലെ പത്തുകുട്ടികളുമായി ഒരു വീട്ടിൽ പോയകാര്യം പ്രഭാകരൻ സാർ സൂചിപ്പിച്ചു. ഒരു ഞായറാഴ്ച നന്ദകുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം കാൽനടയായി ആ വീട്ടിൽ പോകുന്നു. സംഘത്തിലുള്ള ആദർശ് മഹാവികൃതിക്കാരൻ. ആവശ്യത്തിലധികം പണം. എല്ലാവരെയും പുച്ഛം. വഴിയിൽ കാണുന്ന മിണ്ടാപ്രാണികളെ ഉപദ്രവിക്കും. അവ കരയുന്നത് കാണാൻ അവന് വലിയ ഇഷ്ടം. ആദർശിനെ നന്ദുകമാർ സാർ കൂട്ടേണ്ടിയില്ലായിരുന്നു എന്ന അഭിപ്രായമായിരുന്നു സംഘത്തിലെ മറ്റു കുട്ടികൾക്ക്. ആരും അതു തുറന്നുപറഞ്ഞില്ലെന്ന് മാത്രം.
ചെന്നവീട്ടിൽ വൃദ്ധമാതാവ് കിടപ്പിലാണ്. സമീപത്തായി മരുന്നുകുപ്പികൾ. ഓടിട്ട വീട്ടിൽ പലയിടത്തും ചോർച്ച. ചിലത് ഷീറ്റുവച്ച് അടച്ചിരിക്കുന്നു. ആദർശ് അത് ശ്രദ്ധിച്ചു. അവന്റെ മുഖഭാവം മാറി. തന്റെ മൂന്നുനിലവീടുമായി അവൻ താരതമ്യം ചെയ്യുകയാകും എന്ന് നന്ദകുമാറിന് തോന്നി. അല്പം കഴിഞ്ഞപ്പോൾ ഒറ്റക്കണ്ണുള്ള യുവാവ് സൈക്കിളിൽ വന്നിറങ്ങി. വൃദ്ധയുടെ പുത്രനാണ്. അവനെകണ്ടതും വൃദ്ധമാതാവ് പറഞ്ഞു. ഇവന്റെ അച്ഛൻ മരിച്ചിട്ട് പത്തുവർഷമായി. എന്നെ നോക്കുന്നതും തീറ്റിപ്പോറ്റുന്നതുമെല്ലാം ഇവൻ തന്നെ. ഏതു ജോലിക്കും പോകും. കിട്ടുന്നതിൽ നല്ലൊരു പങ്ക് അമ്മയുടെ ചികിത്സയ്ക്കല്ലേ... ചെറിയൊരു വീട് വയ്ക്കാൻ ഒരു ചിട്ടിയിൽ ചേർന്നിട്ടുണ്ടത്രേ.
കുട്ടികളുടെ സംഘം വാടിയ മുഖഭാവത്തോടെ പരസ്പരം നോക്കി. എല്ലാം ശ്രദ്ധയോടെ കേട്ടുനിന്ന വികൃതിക്കാരനായ ആദർശ് തൂവാല കൊണ്ട് കണ്ണുകൾ തുടയ്ക്കുന്നത് നന്ദകുമാർ ശ്രദ്ധിച്ചു.
''രണ്ടു കണ്ണുണ്ടായിട്ടും ഞാൻ സ്നേഹത്തോടെ ഒന്നും കണ്ടില്ല. ഒറ്റക്കണ്ണുള്ള ആ പാവം എന്റെ കണ്ണുകൾ തുറപ്പിച്ചു."" ആദർശിനെ നന്ദകുമാർ കൈകൊണ്ട് തലോടി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ആദർശിന്റെ പിതാവ് ഒരു സമ്മാനപ്പൊതിയുമായി നന്ദകുമാറിനെ കാണാൻ വന്നു. നന്ദകുമാർ സാറിനെ തൊഴുതുകൊണ്ട് അദ്ദേഹം പറഞ്ഞത്രേ: ''എന്തുവിലപ്പെട്ടത് സമ്മാനമായി തന്നാലും മതിയാകില്ല. പഴയ വികൃതിയൊക്കെ വീട്ടിലും നാട്ടിലും സ്കൂളിലും മതിയാക്കിയ എന്റെ മകനെ നല്ലവനായി തിരിച്ചു തന്നതിന്.""
നന്ദകുമാറിന്റെ ശൈലി ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ഉദാഹരണസഹിതം പ്രഭാകരൻ സർ പറഞ്ഞു നിർത്തിയപ്പോൾ സ്റ്റാഫ് റൂമിലെ സഹപ്രവർത്തകർ പറഞ്ഞത്രേ, ഇതല്ലേ നന്ദകുമാറിന് കിട്ടിയ ദേശീയ അദ്ധ്യാപക അവാർഡ്.
(ഫോൺ : 9946108220)