
സംസ്ഥാനപുരസ്കാരം നേടിയ മാൻഹോളിന് ശേഷം  രണ്ടാമത്തെ ചിത്രവുമായി എത്തിയിരിക്കുകയാണ് വിധു വിൻസെന്റ് എന്ന സംവിധായിക. അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതം സംസാരിച്ച   ആദ്യസിനിമയ്ക്ക് ശേഷം വിധു രണ്ടാം ചിത്രത്തിലും അതിശക്തമായ രാഷ്ട്രീയം പറയുകയാണ്. പീഡനത്തിനിരയായവളുടെ അതിജീവനമാണ് സ്റ്റാൻഡ് അപ്പ് എന്ന ചിത്രം പറയുന്നത്.
സ്ത്രീപീഡനം സിനിമയാകുമ്പോൾ
സ്റ്റാൻഡ് അപ്പ് എന്ന ചിത്രത്തിന് മുമ്പ് മറ്റൊരു കഥയായിരുന്നു ഞാനും തിരക്കഥാകൃത്ത് ഉമേഷും ആലോചിച്ചിരുന്നത്. ഡൽഹി നിർഭയ കേസിന് ശേഷം സ്ത്രീപീഡനം കുറയും എന്ന് കരുതിയിരുന്നെങ്കിലും അത്തരം വാർത്തകൾ കൂടുതലായി കേട്ടുതുടങ്ങി. അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന ആശങ്ക കൂടി വന്നു. അപ്പോഴാണ് ഈ വിഷയമാണ് ഇപ്പോൾ നാം സംസാരിക്കേണ്ടത് എന്ന് ഉമേഷ് എന്നോട് പറയുന്നത്. അങ്ങനെയാണ് സ്റ്റാൻഡ് അപ്പ് ചെയ്യാൻ തീരുമാനിക്കുന്നത്. പുറമെ നിന്നൊരാൾ പീഡിപ്പിക്കുന്നത് പോലെയല്ല, ഏറ്റവും അടുപ്പമുള്ള ഒരാൾ നമ്മെ ഉപദ്രവിക്കുന്നത്. കാമുകനോ അച്ഛനോ ഒക്കെ പ്രതിസ്ഥാനത്ത് വരുമ്പോൾ വളരെ വ്യത്യസ്തമായ രീതിയിലാണ് പീഡനത്തിന് ഇരയാകുന്ന ആൾ ട്രീറ്റ് ചെയ്യപ്പെടുക. പീഡിപ്പിച്ച ആളെ കൊണ്ട് വിവാഹം കഴിപ്പിച്ചാൽ പ്രശ്നം തീരുമെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
പീഡനത്തിന് ഇരയായ സ്ത്രീ അതിന് ശേഷം ഏറ്റവും അടുപ്പമുള്ള ചുറ്റുപാടിൽ നിന്ന് പോലും അനുഭവിക്കുന്ന അസ്വാസ്ഥ്യങ്ങളുണ്ട്. അവർ സിസ്റ്റത്തിൽ നിന്നും ചുറ്റുമുള്ളവരിൽ നിന്ന് കേൾക്കേണ്ടി വരുന്ന ചോദ്യങ്ങളുണ്ട്. അതൊക്കെയാണ് സ്റ്റാൻഡ് അപ്പ് അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത്. നാം വായിച്ചു പോകുന്ന ഒറ്റ വാക്ക് മാത്രമല്ല, റേപ്പ്. റേപ്പ് ചെയ്യപ്പെട്ട വ്യക്തി കടന്നുപോകുന്ന ഓരോ നിമിഷങ്ങളുണ്ട്. മെഡിക്കൽ റേപ്പായിട്ടും വേർബൽ റേപ്പായിട്ടും ഒക്കെ അവർ അതിജീവിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതൊക്കെ ആളുകളിലേക്ക് എത്തേണ്ടതുണ്ട്.
സ്ത്രീപക്ഷം സിനിമയാകുമ്പോൾ
ഇത്രകാലവും സ്ത്രീപീഡനം സംസാരിച്ച സിനിമകളെല്ലാം തന്നെ പുരുഷന്റെ കാഴ്ചപ്പാടിലുള്ളതാണ്. പീഡിപ്പിക്കപ്പെട്ട സ്ത്രീയെ സംരക്ഷിക്കാൻ പുരുഷൻ വരുന്നതൊക്കെയാണ് നാം കണ്ട് ശീലിച്ചത്. അതിനൊക്കെയുള്ള മറുപടിയാണ് സ്റ്റാൻഡ് അപ്പ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നേക്കാൾ വലിയൊരു സ്ത്രീപക്ഷവാദി തിരക്കഥയെഴുതി എന്നതാണ് സ്റ്റാൻഡ് അപ്പിന്റെ ഏറ്റവും വലിയ മെച്ചം. എന്റെ പല കാഴ്ചപ്പാടും, 'അങ്ങനെയല്ല സ്ത്രീകൾ ചിന്തിക്കുക" എന്ന് പലപ്പോഴും ഉമേഷ് തിരുത്തിയിട്ടുണ്ട്. സിനിമകൾ നമ്മുടെ രാഷ്ട്രീയം പറയണം. സ്ത്രീപക്ഷവും രാഷ്ട്രീയമാണ്. സ്ത്രീയെ രക്ഷിച്ചു കൊണ്ടുപോകുന്ന നായകന്മാർക്ക് കൈയടിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് രണ്ട് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമയൊരുക്കാൻ തീരുമാനിച്ചത് വലിയ റിസ്ക് തന്നെയായിരുന്നു. പക്ഷേ, ഈ സിനിമ ഇങ്ങനെ തന്നെയാണ് പറയേണ്ടത് എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. സ്ത്രീ അനുഭവിക്കുന്നത് എന്ത് എന്ന് സ്ത്രീ കാഴ്ചയിലൂടെ പറയാനാണ് സിനിമ ശ്രമിക്കുന്നത്. അതാവും സ്റ്റാൻഡ് അപ്പിനെ വ്യത്യസ്തമാക്കുന്നത്.
ഒരാളുടെ മാത്രം കഥയല്ല
ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി എന്നല്ല, ബേസ്ഡ് ഓൺ സെവറൽ സ്റ്റോറീസ് ആണ് സ്റ്റാൻഡ് അപ്പ്. സ്റ്റാൻഡ് അപ്പിന് വേണ്ടി ഞാൻ പീഡനത്തിന് ഇരയായ ഒരാളേയും പോയി കണ്ടിട്ടില്ല. സംവിധായിക ആവുന്നതിന് മുമ്പ് ഒരു മാദ്ധ്യമപ്രവർത്തകയായിരുന്നു ഞാൻ. ഈ സിനിമയിലെ പല രംഗങ്ങൾക്കും ഞാൻ സാക്ഷിയായിട്ടുണ്ട്. തോപ്പുംപടി പെൺവാണിഭ സംഭവത്തിൽ ഇരയായ പെൺകുട്ടിയോട് പൊലീസുകാർ ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. അച്ഛൻ പീഡിപ്പിച്ച പെൺകുട്ടിയുടെ അമ്മ കരഞ്ഞുപറയുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴും അത്തരം സംഭവങ്ങൾ നിരവധി നടക്കുമ്പോൾ ഒരാളുടെ മാത്രം കഥയായി ഇതിനെ അവതരിപ്പിക്കാനാവില്ല എന്നതാണ് സത്യം.
വെല്ലുവിളികൾ
ഒരു വനിതാസംവിധായിക എന്ന നിലയിൽ ഒരു വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്ന് തോന്നിയിരുന്നു. സ്ത്രീകൾ മാത്രം പ്രധാന കഥാപാത്രങ്ങൾ, ഇവരെ രക്ഷിക്കാൻ പുരുഷന്മാർ ആരും വരുന്നില്ല, സ്വയം അതിജീവിക്കുന്നവർ അത്തരമൊരു കഥ വളരെ ചെറിയ ബഡ്ജറ്റിൽ താരതമ്യേന ചെറിയ ആർട്ടിസ്റ്റുകളെ വച്ച് പരസ്യമൊന്നും ഇല്ലാതെ ചെയ്യുക. തീയേറ്ററിൽ ആളുകൾ പാടെ അവഗണിച്ചില്ല എന്നതാണ് ആശ്വാസം. ഈ സിനിമ കൂടുതൽ ആളുകളിലേക്ക് എത്തുമെന്നും ചർച്ചയാവുമെന്നും പ്രതീക്ഷയുണ്ട്.
വിവാദങ്ങൾ
സിനിമയുടെ  ഷൂട്ടിംഗ് സമയം മുതൽ വിവാദങ്ങളുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളെ ചൊല്ലിയാണ് അതുടലെടുത്തത്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനെ പിന്തുണച്ചിരുന്നു നിർമ്മാതാവായ ബി. ഉണ്ണികൃഷ്ണൻ. അത്തരം ഒരാളുടെ കൂടെ സിനിമ ചെയ്യാൻ തയ്യാറായതിലൂടെ ഞാനും എന്റെ കൂടെ സിനിമ തയ്യാറാക്കിയതിന് അദ്ദേഹവും  നിരവധി ആരോപണങ്ങൾ കേട്ടിരുന്നു. ഞങ്ങളുടെ കൂട്ടായ്മയായ ഡബ്ള്യൂ.സി.സിയിൽ നിന്നും എതിരഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ, സിനിമ പുറത്തിറങ്ങിയതോടെ അതൊക്കെ അവസാനിച്ചു. സിനിമയുടെ ഉദ്ദേശശുദ്ധി മനസിലായവർക്ക് ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ഈ സിനിമയുടെ നിർമ്മാതാക്കളായതിനെ അഭിനന്ദിക്കാനേ പറ്റൂ. മേൽപ്പറഞ്ഞ വെല്ലുവിളികളെല്ലാം മനസിലാക്കിയാണ് അവർ എന്റെ ചിത്രത്തിനെ പിന്തുണച്ചത് എന്നതിൽ എനിക്കും സന്തോഷം.