ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി ഇന്ന് ഡൽഹിയിൽ നടക്കും. രാവിലെ പതിനൊന്ന് മണിക്ക് രാംലീല മൈതാനത്ത് നടക്കുന്ന മെഗാ റാലിയെ മോദി അഭിസംബോധന ചെയ്യും. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ റാലിയിൽ പ്രധാനമന്ത്രി ഈ വിഷയത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് സൂചന.
കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും റാലിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ 3,000 ബസുകളിലായി ഉത്തരേന്ത്യയിൽ നിന്ന് രണ്ട് ലക്ഷം പേർ റാലിയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭാരതീയ ജനതാ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം,മോദിക്ക് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ കർശനമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിക്കും ഡൽഹി പൊലീസിനും ഇന്റലിജൻസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിക്കുന്നത് ശക്തമാക്കിയിട്ടുണ്ട്. വേദിയിലേക്ക് പോകുന്ന എല്ലാ റൂട്ടുകളിലും സി.സി.ടി.വി നിരീക്ഷണം ഉണ്ടായിരിക്കും. രാംലീല മൈതാനിയിലും പരിസരത്തും അയ്യായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തുകൂടി വ്യോമഗതാഗതവും നിരോധിച്ചു. സമീപത്തെ കെട്ടിടങ്ങളില്‍ ഏത് സാഹചര്യവും നേരിടാനായി സ്‌നൈപര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
അടുത്തമാസം നടക്കുന്ന 71ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ കേന്ദ്രസുരക്ഷാ സേനയുടെ 48 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. 25 മുതൽ ജനുവരി 31 വരെയാണ് ക്രമീകരണം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ ഇന്റലിജൻസ് ബ്യൂറോയും സുരക്ഷാ സേനയും സംയുക്തമായാണ് നടപ്പാക്കുന്നത്.
അതേസമയം പൗരത്വനിയമഭേദഗതിയിൽ നിയമം വിശദീകരിച്ച് അടുത്ത പത്തു ദിവസത്തിൽ ആയിരം റാലികളും 250 വാർത്താസമ്മേളനങ്ങളും നടത്താൻ ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.