ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പൊലീസ് നടപടിയിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. കഴിഞ്ഞ ദിവസം രാത്രി രാംപുരില്‍ നിന്നും മീററ്റില്‍ നിന്നും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് മരണസംഖ്യ ഉയര്‍ന്നത്.
അതേസമയം, ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെത്തിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസാഫർനഗറിലെ പ്രതിഷേധക്കാരുടെ 50 കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഡൽഹി വഖഫ് ബോർഡ് അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വെടിവെപ്പിലല്ല പ്രതിഷേധത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ തിക്കിലും തിരക്കിലും പെട്ടാണ് മരണമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.