rape-case

പാലോട്: ഇടിഞ്ഞാർ സ്വദേശിയായ 19 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകനെയും കൂട്ടാളികളെയും പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 17 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിങ്ങമ്മല ഒഴുകുപാറ നാലു സെന്റ് കോളനിയിലെ മുഹസിനുമായി (19) പെൺകുട്ടി പ്രണയത്തിലാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശികളും ജെ.സി.ബി ഡ്രൈവർമാരുമായ രണ്ടു സുഹൃത്തുക്കളുമായി മുഹസിൻ താന്നിമൂട് ലോഡ്ജിൽ നിന്നും പിടിയിലാകുന്നത്.

മാർത്താണ്ഡം പോങ്ങിൽകാല പുത്തൻവീട്ടിൽ അശോക് കുമാർ, മാർത്താണ്ഡം കണ്ണങ്കര വിജയകുമാർ എന്നിവരാണ് പിടിയിലായത്. മുഹസിന് പെൺകുട്ടിയെ കടത്താനും തമിഴ്നാട്ടിൽ പാർപ്പിക്കുവാനും വേണ്ട സഹായം ചെയ്തത് ഇവരാണ്. മറ്റൊരു സംഘത്ത് കുട്ടിയെ വിൽക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. കഞ്ചാവിന് അടിമയായിരുന്ന ഒന്നാം പ്രതിക്ക് കഞ്ചാവ് നൽകിയിരുന്നതും ഈ പ്രതികളായിരുന്നു.

ആൺകുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചായിരുന്നു പെൺകുട്ടിയെ ലോഡ്ജിൽ താമസിപ്പിച്ചിരുന്നത്. 18 വയസ് തികയും മുമ്പേ പെൺകുട്ടിയെ ബഗളൂരുവിൽ കൊണ്ട് പോയി മുഹസിൻ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മജിസ്‌ട്രേറ്റിനു മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പാലോട് സബ് ഇൻസ്‌പെക്ടർ എസ്.സതീഷ് കുമാർ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർ സാംരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നവാസ്,നസീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.