congress

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ സീറ്റിൽ 2009ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ ചതിച്ചുവെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.ബാലചന്ദ്രൻ രംഗത്ത്. അനുഭവങ്ങളുടെ അകത്തളങ്ങിൽ എന്ന തന്റെ ആത്മകഥയിലാണ് കോൺഗ്രസിലെ കാലുവാരലിനെയും ചതിപ്രയോഗത്തെയും അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് തുറന്നടിച്ചിരിക്കുന്നത്. മുൻ എം.എൽ.എ വർക്കല കഹാറിനെ പേരെടുത്ത് പറഞ്ഞു കുറ്റപ്പെടുത്തിയ ബാലചന്ദ്രൻ ചിലർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്.

'ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം : തിരുവനന്തപുരം സ്‌റ്റൈൽ വേറെ' എന്ന അധ്യായത്തിലാണ് ആ ചതിയുടെ കഥ ബാലചന്ദ്രൻ പറയുന്നത്. വർക്കല നിയോജകമണ്ഡലത്തിലെ ലീഡ് കൊണ്ടാണ് സ്ഥാനാർത്ഥി ജയിക്കേണ്ടത്. അവിടുത്തെ എം.എൽ.എ (വർക്കല കഹാർ) എന്നോട് പറഞ്ഞത്. വർക്കലയിൽ നിന്ന് ഏഴായിരം വോട്ടിന്റെ ലീഡ് കിട്ടുമെന്നാണ്.ഞാനത് അന്ധമായി വിശ്വസിച്ചു. വർക്കലയിലെ സ്വീകരണ പരിപാടികളാണ് അട്ടിമറിക്കപ്പെട്ടത്. ആര്യനാട് എം.എൽ.എയും, കാട്ടാക്കട എം.എൽ.എയും സ്ഥാനാർത്ഥിയുടെ വണ്ടിയിൽ കയറിയില്ലെന്ന് മാത്രമല്ല ഓരോ സ്വീകരണ സ്ഥലത്ത് മേൽ നോട്ടം വഹിച്ച് പ്രവർത്തകർക്കൊപ്പം നിൽക്കുമായിരുന്നു. വർക്കലയിൽ മാത്രം സ്ഥാനാർത്ഥിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. സ്വീകരണ യോഗങ്ങളിലാണ് സ്ഥാനാർത്ഥിയുടെ കഴിവ് തെളിയിക്കേണ്ടത്. എന്റെ ശക്തി എന്റെ നാക്കാണ്.എനിക്ക് വോട്ട് കിട്ടുന്നതിൽ കൂടുതലും ചാനൽ ചർച്ചയിൽ ഞാൻ പ്രദർശിപ്പിച്ച വാക്ചാതുര്യം കൊണ്ടുകൂടിയാണ്. തിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും എംഎൽഎ അസുഖം ബാധിച്ച് ആശുപത്രിയിൽ അജ്ഞാതവാസത്തിലായിരുന്നു. വർക്കലയിലെ വോട്ടെണ്ണിയപ്പോഴാണ് ഞാൻ കരഞ്ഞു പോയത്. ആയിരക്കണക്കിന് വോട്ടുകൾക്ക് ഞാൻ പുറകിൽ പോയി.

മുസ്ലിം വോട്ടർമാർക്കിടയിൽ വല്ലാത്തൊരു മരവിപ്പ്. സാധാരണ അവരുടെ ഉത്സാഹവും ഉത്തേജനവുമാണ് തിരഞ്ഞെടുപ്പിന് ഊർജ്ജം പകരുന്നത്. പാവപ്പെട്ട പ്രവർത്തകർ കൊണ്ട്പിടിച്ച് പ്രവർത്തിച്ചു. പക്ഷേ, ഫലം കണ്ടില്ല പതിനേഴായിരം വോട്ടിന് തോറ്റ് പോയി. ആത്മാർത്ഥതയുള്ള പ്രവർത്തകർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടി കരഞ്ഞു. കാർത്തികേയനും ശക്തൻനാടാരും അവരുടെ മണ്ഡലത്തിൽ വോട്ടുകുറയില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു. നെടുമങ്ങാട് പര്യടനത്തിനിടയിൽ തന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റിയതോടെ പ്രവർത്തകരെ ബന്ധപ്പെടാനും കഴിയാതായി. അതിനും പുറമേ തന്റെ കാറിന്റെ ഡിക്കിയിൽ നിന്നും 50000 രൂപ ഡ്രൈവർ അടിച്ചു മാറ്റി മുങ്ങി കളഞ്ഞു. ഇതിനിടയിൽ വേറെ ഒരു സുഹൃത്ത് സ്ത്രീ വോട്ടർമാരുടെ വോട്ട് ഉറപ്പിക്കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ വാങ്ങി മുങ്ങി കളഞ്ഞു.അയാൾ ഒരു കോളേജ് പ്രൊഫസറായിരുന്നു.

ഇതിനൊക്കെ പുറമേ അടിച്ചുകൊടുത്ത പോസ്റ്ററുകൾ മുഴുവൻ ആറ്റിങ്ങലിലും പോത്തൻകോടുമുള്ള ചില ഗോഡൗണുകളിൽ ഒളിപ്പിച്ചുവെച്ചുവെന്ന് പിന്നീടാണ് അറിയുന്നത്.പല ബൂത്തുകളിലും ഒരു പ്രവർത്തനവും നടത്തിയില്ല.നേതാക്കൾ കൃത്യമായി പണം എണ്ണി വാങ്ങിയിരുന്നു.മിക്ക വീടുകളിലും സ്ലിപ്പും അഭ്യർത്ഥനയും എത്തിയില്ല.ഇങ്ങനെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പ്രാഥമികമായ ജോലികൾ പോലും ചെയ്യാതെ ചില നേതാക്കൾ തന്നെ വാരികിടത്തിയെന്നാണ് ബാലചന്ദ്രന്റെ ആരോപണം. കേരളത്തിലെ മറ്റൊരു നിയോജകമണ്ഡലത്തിലും ഇല്ലാത്ത തിരഞ്ഞെടുപ്പ് ചിട്ട വട്ടങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്. രാവിലെ കുളിച്ചൊരുങ്ങി കടകൾ കയറി ഇറങ്ങണം. അങ്ങനെയാണ് അവിടെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത്. സി മോഹനചന്ദ്രൻ ഇലക്ഷൻ കമ്മിറ്റി ചെയർമാനും, പാലോട് രവി ജനറൽ കൺവീനറുമായിരുന്നു. എന്നും രാവിലെ ആവശ്യമുള്ള ചെലവിന്റെ കണക്കു തരും. അതനുസരിച്ച് പണം കൊടുക്കണം പിന്നെ എല്ലാം ചട്ടപ്പടിയെന്നൊക്കെ ബാലചന്ദ്രൻ പരിഹാസത്തോടെ പറയുന്നു.

ഉമ്മൻ ചാണ്ടിയാണ് തന്നോട് ആറ്റിങ്ങലിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത്.പല കോൺഗ്രസ് സ്ഥാനാർത്ഥികളും മത്സരിച്ച് തോറ്റ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി വന്നപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തിരുവനന്തപുരം ഡിസിസിയിൽ വൻ കലാപം നടക്കുന്ന കാലത്താണ് താനും ആറ്റിങ്ങലിൽ എത്തിയത്. താൻ കളത്തിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് തോൽക്കുമെന്ന് യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ പ്രസ്താവിച്ചത് മനപ്പൂർവമായിരുന്നുവെന്നും ഓർമകുറിപ്പുകളിൽ പരാമർശിക്കുന്നു.

കയർ മേഖലയായ ആലപ്പുഴയിൽ നിന്നും കയർബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ വ്യക്തിയാണ് ജി ബാലചന്ദ്രൻ. ആലപ്പുഴ എസ്.ഡി കോളേജിൽ പ്രൊഫസായിരുന്ന ജി. ബാലചന്ദ്രൻ കയർബോർഡ് മെമ്പറും വൈസ് ചെയർമാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്നു. എ.കെ. ആന്റണി കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്ത് ബാലചന്ദ്രൻ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു.