news

1. പൗരത്വ നിയമത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡില്‍ അതീവ ജാഗ്രതാ നിര്‍ദേശം. സംഘര്‍ഷ സാധ്യത കണക്കില്‍ എടുത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ 21 ജില്ലകളില്‍ നാളെ വരെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. മംഗുളൂരുവില്‍ ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. 13,000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍ ആണ്. ലക്നൗവിലെ സംഘര്‍ഷത്തില്‍ 250 പേര്‍ കസ്റ്റഡിയില്‍ ആയി. അതിനിടെ, മംഗുളൂരു പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കും. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം ആളിക്കത്തുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 18 ആയി. രാപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യു.പിയില്‍ അതീവ ജാഗ്രത.
2. മീററ്റിലും ബിജ്‌നോറിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. മീററ്റില്‍ മാത്രം നാല് പേരാണ് ആക്രമണത്തില്‍ മരിച്ചത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ നഗരങ്ങില്‍ ഇന്റര്‍നെറ്റ് നിയന്ത്രണവും തുടരുകയാണ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലും ഇന്ന് ഇന്റര്‍നെറ്റ് നിയന്ത്രണം ഉണ്ട്. പ്രശ്ന സാധ്യതയുള്ള മേഖലകളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രകടനങ്ങളില്‍ പങ്കെടുക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തവരുടെ സ്വത്തുക്കള്‍ കണ്ട്‌കെട്ടാന്‍ ഉള്ള നടപടികള്‍ ഇതിനോടകം യു.പി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
3. അതസമയം, പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ഐ.ഐ.ടികളും. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി എടുക്കാന്‍ കാണ്‍പൂര്‍ ഐ.ഐ.ടി അച്ചടക്ക സമിതി രൂപീകരിച്ചു. മദ്രാസ് ഐ.ഐ.ടിയും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ട് എന്നും ഇവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും എന്നും മദ്രാസ് ഐ.ഐ.ടി ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കി.
4.മരടിലെ ഫ്ളാറ്റുകളില്‍ നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരിസരവാസികളുടെ ആശങ്കള്‍ക്ക് പരിഹാരം ആയില്ല എന്ന് ആരോപണം. ഇന്‍ഷുറന്‍സ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജനസാന്ദ്രത കുറഞ്ഞ ഭാഗത്തെ ഫ്ളാറ്റുകള്‍ ആദ്യം പൊളിക്കണം എന്ന ആവശ്യവും തള്ളിയതായി ആരോപണം. കലക്ടറുമായി ചര്‍ച്ച നടത്തിയിട്ടും ഇതുവരെ തീരുമാനമായിട്ടില്ല. ജനുവരി 11ന് രാവിലെ 10 മണിയോടെയാടെ ഹോളി ഫെയ്ത്ത് ഫ്ളാറ്റില്‍ നിയന്ത്രിത സ്‌ഫോടനം നടത്തും. ഉച്ചയ്ക്കു ശേഷമാണ് ആല്‍ഫാ സെരിന്‍ ഫ്ളാറ്റില്‍ നിയന്ത്രിത സ്‌ഫോടനം. ഏറ്റുവും കൂടുതല്‍ ആളുകള്‍ ആല്‍ഫാ സെയിന്റെ ചുറ്റുമാണ്. എന്ത് സംഭവിച്ചാലും ജനുവരി 11ന് തന്നെ നിയന്ത്രിത സ്‌ഫോടനം നടത്തും എന്നാണ് അധികൃതരുടെ നിലപാട്.


5. ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിലുള്ള ഗോള്‍ഡന്‍ കായലോരത്തിലും, ജെയിന്‍ കോറല്‍കോവിലും ആദ്യം സ്‌ഫോടനം നടത്താന്‍ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനം എടുത്തിട്ടില്ല, ഇന്‍ഷുറന്‍സ് പരിധിയില്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളും വരുമെന്നാണ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുന്നത് എങ്കിലും അതില്‍ ഇതുവരെ രേഖാമൂലമുള്ള ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇങ്ങനെ മുന്നോട്ടു പോയാല്‍ സ്‌ഫോടനത്തിന് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍
6. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയുടെ ഫൈനല്‍ മത്സരം ഇന്ന് ഒഡിഷ നഗരമായ കട്ടക്കില്‍ നടക്കുമ്പോള്‍ വിന്‍ഡീസിനെ തോല്‍പിച്ചാല്‍ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്നത് കരീബിയന്‍സിന് എതിരായ തുടര്‍ച്ചയായ 10ാം പരമ്പര വിജയം. സമീപകാലത്ത് ഇന്ത്യയോട് ഏകദിനങ്ങളില്‍ തോറ്റ വിന്‍ഡീസ്, ചെന്നൈയിലെ ആദ്യ മത്സരത്തില്‍ ആധികാരിക ജയവുമായി ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍, വിശാഖപട്ടണത്ത് കളിമാറ്റിപ്പിടിച്ച ഇന്ത്യ ഓള്‍റൗണ്ട് മികവില്‍ 107 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു.
7. 159 റണ്‍സുമായി കളിയിലെ താരമായ രോഹിത് ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള റെക്കോഡ് മറികടക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപണറെന്ന റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത്തിന് ഒമ്പത് റണ്‍സ് കൂടി മതി. ബൗളിങ്ങില്‍ ഏകദിനത്തിലും ട്വന്റി20യിലും ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി മാറിയ കുല്‍ദീപ് യാദവ് ഫോമിലേക്ക് ഉയര്‍ന്നത് ശുഭ സൂചനയാണ്. ഒരു വിക്കറ്റുകൂടി നേടിയാല്‍ 100 ഏകദിന വിക്കറ്റ് സ്വന്തമാക്കുന്ന 22ാം ഇന്ത്യന്‍ താരമെന്ന നേട്ടം കുല്‍ദീപ് സ്വന്തമാക്കും. പരിക്കേറ്റ ദീപക് ചഹറിന് പകരമെത്തിയ ഡല്‍ഹി താരം നവ്ദീപ് സെയ്നിക്ക് ഏകദിന അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയേക്കും
8. വിശാഖപട്ടണത്തിലേതിന് സമാനമായി ബാരാബതി സ്റ്റേഡിയത്തിലും റണ്ണൊഴുകും എന്നാണ് റിപ്പോര്‍ട്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ടോസ് നേടിയിട്ടും ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഈര്‍പ്പത്തിന്റെ കാര്യം മനസ്സില്‍ ഉള്ളതിനാല്‍ ഇന്ന് ഒരുപക്ഷേ രണ്ടു തവണ ചിന്തിക്കും. 13 വര്‍ഷത്തിനു ശേഷം ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര വിജയമാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ ആസ്‌ട്രേലിയയോട് ഏകദിന പരമ്പര 3-2ന് അടിയറവു പറഞ്ഞ ഇന്ത്യക്ക് സ്വന്തം മണ്ണില്‍ വിജയ പരമ്പര തുടരല്‍ അനിവാര്യമാണ്. 15 വര്‍ഷത്തിനിടെ തുടര്‍ച്ചയായി രണ്ട് ഏകദിന പരമ്പരകള്‍ ഇന്ത്യ കൈവിട്ടിട്ടില്ല