
നാഗ്പൂർ: ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ വിടാൻ ആഗ്രഹിക്കുന്ന മുസ്ലീങ്ങൾക്ക് പോകാൻ ലോകത്ത് 100- 150 ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹിന്ദു, പാഴ്‌സി, സിഖ്, ജൈന, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്നവർക്ക് ആശ്രയിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ലെന്ന് ഗഡ്കരി പറഞ്ഞു. അവർ കൊലപാതകം, മാനഭംഗം,സ്വത്തുക്കൾ തട്ടിയെടുക്കൽ, നിർബന്ധിത മതപരിവർത്തനം എന്നിങ്ങനെയുള്ള നിരവധി പീഡനങ്ങൾ ദിനംപ്രതി അനുഭവിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്നും ഗഡ്കരി വ്യക്തമാക്കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ വോട്ടിന് വേണ്ടി ജനങ്ങളെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ലോകത്ത് ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യവും ഇല്ല, എന്നാൽ മുസ്ലീങ്ങൾക്ക് നിരവധി രാജ്യങ്ങളുണ്ടെന്ന വിവാദപ്രസ്താവന ദിവസങ്ങൾക്ക് മുമ്പ് ഗഡ്കരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. മുമ്പ് ഹിന്ദു രാഷ്ട്രമായി നേപ്പാൾ ഉണ്ടായിരുന്നു. എന്നാൽ ഒരൊറ്റ രാജ്യവും ഹിന്ദുക്കൾക്കായി ഇപ്പോഴില്ല. അപ്പോൾ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലിം രാജ്യങ്ങളുമുണ്ടെന്നുമായിരുന്നു മന്ത്രി അന്ന് പറഞ്ഞത്.