ലക്‌നൗ:പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധവും അക്രമവും നടന്ന ഉത്തർപ്രദേശിൽ പ്രക്ഷോഭകർക്ക് നേരെ വെടി വച്ചിട്ടില്ലെന്ന പൊലീസിന്റെ വാദം പൊളിഞ്ഞു. 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് വെടിവയ്പിൽ പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രി രേഖകളുണ്ടായിട്ടും വെടിവച്ചില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ കാൺപൂരിൽ പ്രക്ഷോഭകരുമായുണ്ടായ സംഘർഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു.
ശനിയാഴ്ച പ്രതിഷേധക്കാർ പൊലീസ് പോസ്റ്റിന് തീയിട്ടിരുന്നു. സുരക്ഷാ കവചങ്ങളും ഹെൽമറ്റും ധരിച്ച് അവർക്കിടയിൽ എത്തിയ പൊലീസ് ഓഫീസർ തന്റെ തോക്കിൽ നിന്ന് തുടർച്ചയായി വെടിവയ്ക്കുന്നത് വീഡിയോയിൽ കാണാം. എന്നിട്ടും പൊലീസ് വെടിവച്ചിട്ടില്ലെന്ന് ഡി.ജി.പി ഒ.പി.സിംഗ് ആവർത്തിച്ചു.
പ്രതിഷേധക്കാരാണ് വെടിവച്ചതെന്ന് യു.പി പൊലീസ് ആരോപിച്ചു. സംസ്ഥാനത്താകെ 263 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് 400ഓളം ഒഴിഞ്ഞ തിരകൾ കണ്ടെത്തിയതായും യു.പി പൊലീസ് പറഞ്ഞു. അതേസമയം, യു.പി പൊലീസ് പൊതുമുതലുകൾ നശിപ്പിക്കുന്നതടക്കമുള്ള വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധം തുടരുന്നു
യു.പിയിൽ ആകെ 18 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല.
ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാനിർദ്ദേശം. ഹരിദ്വാറിൽ ഇന്ന് 144 പ്രഖ്യാപിച്ചു.
ഹൈദരാബാദിലും ബംഗളൂരുവിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി.
മംഗളൂരു നഗരത്തിൽ കർഫ്യൂവിൽ ഇളവ്
മംഗളൂരുവിലെ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ 10 ലക്ഷം വീതം നൽകും.
രാജസ്ഥാനിലെ ജയ്‌പൂരിലും ഇന്റർനെറ്റ് നിയന്ത്രിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കാൽനട മാർച്ചിൽ പങ്കെടുത്തു.
മദ്ധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത .
ബിഹാറിൽ പരക്കെ അക്രമം. .
ഗുജറാത്തിലെ രാജ്‌കോട്ടിലും അഹമ്മദാബാദിലും ജാഗ്രത
പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടും
യു.പിയിൽ പൊതുമുതൽ നശിപ്പിച്ച പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശ പ്രകാരമാണിത്. പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേർക്ക് നോട്ടീസ് നൽകി. ഇതുവരെ 879 പേർ അറസ്റ്റിലായി. 5000 പേർ കരുതൽ തടങ്കലിൽ. 135 കേസുകൾ രജിസ്റ്റർ ചെയ്തു.