ss

തിരുവനന്തപുരം : കിള്ളിയാർ ശുചീകരണത്തിന്റെ രണ്ടാംഘട്ട പരിപാടികൾക്ക് തുടക്കമായി. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നീർച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പദ്ധതിയായ ഇനി ഞാൻ ഒഴുകട്ടെ എന്ന പരിപാടിയുടെ ഭാഗമായാണ് രണ്ടാംഘട്ട കിള്ളിയാർ ശുചീകരണം നടത്തുന്നത്. കിള്ളിപ്പാലം ബണ്ടു റോഡിൽ നടന്ന പരിപാടി മേയർ കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു .

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഐ.പി. ബിനു, വഞ്ചിയൂർ പി. ബാബു, പുഷ്‌പലത, പാളയം രാജൻ, സി. സുദർശനൻ, കൗൺസിലർമാരായ ഡോ. വിജയലക്ഷ്മി, ആർ.സി. ബീന, ഹെൽത്ത് ഓഫീസർ ഡോ. എ. ശശികുമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, കിള്ളിയാർ സിറ്റി മിഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. യന്ത്രസഹായത്തോടെയുള്ള ശുചീകരണ പരിപാടികളാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. 25 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഫെബ്രുവരിയിലാണ് ഒന്നാം ഘട്ട ഏകദിന ശുചീകരണം നടത്തിയത്. മൂന്നാം ഘട്ടത്തിൽ കിള്ളിയാറിന്റെ തീരസംരക്ഷണവും തീരവികസനവും കൈവഴികളുടെ ശുചീകരണവുമാണ് ലക്ഷ്യമിടുന്നത്.