ആലപ്പുഴ: അന്തരിച്ച മുൻ മന്ത്രിയും എം.എൽ.എയുമായ തോമസ് ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ജന്മദേശമായ കുട്ടനാട്ടിൽ എത്തിക്കും. പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വാഹനം കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹവുമായി ഒരു മണിയോടെ പുറപ്പെടും. ഇടപ്പള്ളി, പാലാരിവട്ടം വഴി വരുന്ന വാഹനം റസിഡന്റ്സ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം വൈറ്രിലയിൽ ഏതാനും മിനുട്ട് അന്ത്യോപചാരം അർപ്പിക്കാനായി നിറുത്തും. പിന്നീട് ചേർത്തലയിലും കുറച്ചുനേരം പൊതുദർശനത്തിന് വയ്ക്കും.
വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ പൊതുദർശനം.
അഞ്ചരയോടെ ആലപ്പുഴയിൽ നിന്ന് വിലാപയാത്രയായി എ-സി റോഡു വഴി കുട്ടനാട് പൂപ്പള്ളിക്ക് സമീപമുള്ള തറവാട്ടുവീട്ടിലെത്തും. നാളെ ഉച്ചയ്ക്ക് 12 ന് വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങും. രണ്ട് മണിയോടെ വീടിന് സമീപമുള്ള ചേന്നംകരി സെന്റ് പോൾസ് മാർത്തോമ്മ ദേവാലയ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങ്. മൂന്നിന് പള്ളി അങ്കണത്തിൽ അനുശോചന സമ്മേളനവും ചേരും.
ശരത് പവാർ എത്തും
എൻ.സി.പി സംസ്ഥാന പ്രസിഡന്റുകൂടിയായ തോമസ് ചാണ്ടിക്ക് അന്ത്യോപചാരമർപ്പിക്കാൻ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ ഇന്ന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം മിക്കവാറും വൈറ്റിലയിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാവും ആസ്റ്റർ മെഡിസിറ്റിയിലെത്തി അന്ത്യോപചാരമർപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉച്ചയ്ക്ക് 12ന് ചേന്നംകരിയിലെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിക്കും.