gst-slab

കൊച്ചി: ചരക്ക് - സേവന നികുതി (ജി.എസ്.ടി)​ സ്ളാബുകളിൽ അടുത്ത കേന്ദ്ര ബഡ്‌ജറ്റിന് മുമ്പായി മാറ്റം വരുത്താൻ സാദ്ധ്യത വിരളം. ലക്ഷ്യമിട്ട പ്രതിമാസ വരുമാനം ജി.എസ്.ടിയിൽ നിന്ന് ലഭിക്കാത്തതിനാൽ സ്ളാബുകളിൽ മാറ്റം വരുത്തി,​ നികുതി നിരക്കുകൾ ഉയർത്താൻ കേന്ദ്ര സർക്കാർ ജി.എസ്.ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

എന്നാൽ,​ ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്രിന് മുമ്പായി ജി.എസ്.ടി സ്ലാബിൽ ഒരു പൊളിച്ചെഴുത്തിന് തത്കാലം ധനമന്ത്രാലയം ഒരുക്കമല്ലെന്നാണ് അറിയുന്നത്. മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി)​ വളർച്ചയും ഉപഭോക്തൃ വിപണിയും തളർച്ചയിൽ നിന്ന് കരകയറിയിട്ടില്ല എന്നതിനാൽ,​ ഉടനൊരു നികുതി വർദ്ധന വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.

ബഡ്‌ജറ്റിനും ശേഷം അടുത്ത സാമ്പത്തിക വർഷാദ്യം മാത്രമേ ജി.എസ്.ടി സ്ലാബിലോ നിരക്കുകളിലോ സാമ്പത്തിക നിരീക്ഷകർ ഇനിയൊരു മാറ്റം കാണുന്നുള്ളൂ. സമ്പദ്‌രംഗം തളർച്ച നേരിടുന്ന ഈ സാഹചര്യത്തിൽ നികുതി കൂട്ടാനോ സ്ളാബ് പരിഷ്‌കരണത്തിനോ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും താത്പര്യമില്ലെന്ന് ബിഹാർ ഉപ മുഖ്യമന്ത്രിയും ജി.എസ്.ടി കൗൺസിലിലെ മന്ത്രിതല സമിതി കൺവീനറുമായ സുശീൽ കുമാർ മോദി കഴിഞ്ഞദിവസം ഫിക്കിയുടെ 92-ാം വാർഷിക കൺവെൻഷനിൽ വ്യക്തമാക്കിയിരുന്നു.

പ്രതിമാസം ഒരുലക്ഷം കോടി രൂപയാണ് ജി.എസ്.ടിയിലൂടെ കേന്ദ്രം ലക്ഷ്യമിട്ടത്. ഒക്‌ടോബറിൽ ലഭിച്ചത് 95,​380 കോടി രൂപയാണ്. നവംബറിൽ 1.03 ലക്ഷം കോടി രൂപ ലഭിച്ചു. 2017 ജൂലായിൽ നിലവിൽ വന്നശേഷം എട്ടാംതവണ മാത്രമാണ് ജി.എസ്.ടി സമാഹരണം ഒരുലക്ഷം കോടി രൂപ കവിയുന്നത്. സമാഹരണം ഒരുലക്ഷം കോടി രൂപയ്ക്കുമേൽ സ്ഥിരത കൈവരിച്ചാൽ മാത്രമേ,​ സമ്പദ്‌രംഗത്ത് നിന്ന് മാന്ദ്യം പടിയിറങ്ങുന്നതായി കണക്കാക്കാനാകൂ. അതുവരെ ജി.എസ്.ടി നിരക്ക് ഉയർത്തില്ല.

വർഷത്തിൽ ഒരിക്കലേ ജി.എസ്.ടി നിരക്കുകളിലോ സ്ളാബിലോ സമഗ്ര പരിഷ്‌കരണം നടക്കൂ. ഓരോ യോഗത്തിലും അത് സാദ്ധ്യമല്ല. ജി.എസ്.ടിയിലെ 99 ശതമാനം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പുള്ള കാലത്തേക്കാൾ നികുതി കുറഞ്ഞിട്ടേയുള്ളൂ എന്നും സുശീൽ കുമാർ മോദി പറഞ്ഞു.

നികുതി വരുമാനം കൂട്ടാൻ ജി.എസ്.ടി നിരക്കുകൾ ഉയർത്താൻ കേന്ദ്രം സമ്മർദ്ദം ചെലുത്തുമെന്ന ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞവാരം ചേർന്ന യോഗത്തിൽ ലോട്ടറി നിരക്കുകൾ 28 ശതമാനമായി ഏകീകരിക്കുക മാത്രമാണ് ഉണ്ടായത്.

മാറ്റം അടുത്ത സാമ്പത്തിക വർഷം?​

സമ്പദ്‌‌രംഗത്ത് നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാലും ഉപഭോക്തൃ വിപണിയിൽ ക്ഷീണകാലമായതിനാലും തത്കാലം ജി.എസ്.ടി നിരക്കുകൾ ഉയർത്താനോ സ്ളാബ് പരിഷ്‌കരണത്തിനോ കേന്ദ്രം ഒരുക്കമല്ല. എന്നാൽ,​ സമഗ്രമായ പരിഷ്കാരം അടുത്ത സാമ്പത്തിക വർഷം ആദ്യം തന്നെ ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്.

5%,​ 12%,​ 18%,​ 28% എന്നീ നികുതി സ്ളാബുകളാണ് ജി.എസ്.ടിയിലുള്ളത്. ഇതിൽ,​ നികുതി വരുമാനം കുറഞ്ഞ 5%,​ 12% സ്ളാബുകൾ ഒഴിവാക്കി,​ പകരം 9-10% സ്ളാബ് പുതുതായി കൊണ്ടുവരാനും 12 ശതമാനം സ്ളാബിലെ പാതിയോളം ഉത്പന്നങ്ങളെയെങ്കിലും 18 ശതമാനം സ്ളാബിലേക്ക് മാറ്റാനും കേന്ദ്രം ആലോചിച്ചിരുന്നു. സിഗററ്റ് പോലെ നിരുത്സാഹപ്പെടുത്തേണ്ട ഉത്പന്നങ്ങൾ, അത്യാഡംബര ഉത്പന്നങ്ങൾ എന്നിവയുടെ സെസ് വർദ്ധിപ്പിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഈ മാറ്റങ്ങൾ അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കാം.

₹1.18 ലക്ഷം കോടി

പ്രതിമാസം ശരാശരി 1.18 ലക്ഷം കോടി രൂപ ജി.എസ്.ടിയിലൂടെ സമാഹരിക്കുകയായിരുന്നു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ,​ 2017 ജൂലായിൽ നിലവിൽ വന്നശേഷം എട്ടുതവണ മാത്രമാണ് സമാഹരണം ഒരുലക്ഷം കോടി രൂപ പോലും കടന്നത്.

കഴിഞ്ഞ സെപ്‌തംബറിൽ 91,916 കോടി രൂപയായിരുന്നു സമാഹരണം. ഒക്‌ടോബറിൽ 95,380 കോടി രൂപയും നവംബറിൽ 1.03 ലക്ഷം കോടി രൂപയും ലഭിച്ചു.

''വർഷത്തിൽ ഒരിക്കലേ ജി.എസ്.ടി നിരക്കുകളിലോ സ്ളാബിലോ സമഗ്ര പരിഷ്‌കരണം നടക്കൂ. ഓരോ യോഗത്തിലും അത് സാദ്ധ്യമല്ല""

സുശീൽ മോദി,​

ജി.എസ്.ടി കൗൺസിൽ

മന്ത്രിതല സമിതി കൺവീനർ