aa

പൂനെ: ഇന്ത്യൻ സൈനിക പദ്ധതികളുടെ വിജയങ്ങൾക്കു പിന്നിലെ സൂത്രധാരന്മാർ രഹസ്യാന്വേഷണ വിഭാഗമാണെന്നു നിയുക്ത കരസേനാ മേധാവി ജനറൽ മനോജ് നാരവനെ. മുൻ മാദ്ധ്യമ പ്രവർത്തകനായ നിതിൻ ഗോഖലെയുടെ 'ആർ.എൻ കാവോ: ജെന്റിൽമാൻ സ്പൈ മാസ്റ്റർ' എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിൽ കാണുന്നത് പോലെ ജെയിംസ് ബോണ്ട് കഥാപാത്രവും, തോക്കുകളും, ഗിറ്റാറുകളും, സുന്ദരികളായ സ്ത്രീകളുമൊന്നുമല്ല രഹസ്യാന്വേഷണ ഏജൻസികൾ. വൻ തോതിലുള്ള വിവരങ്ങളുടെ ശേഖരണവും, വിശകലനവുമാണവിടെ നടക്കുന്നത്. സൈനിക ഓപ്പറേഷനുകളും, ഇന്റലിജൻസും പരസ്പരം കൈ കോർത്താണ് പ്രവർത്തിക്കുന്നത്. മിലിട്ടറി ഓപ്പറേഷനു മുൻപായി നമ്മുടെ ശത്രുക്കളെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിച്ചു നൽകുന്നത് രഹസ്യാന്വേഷണ വിഭാഗമാണ്.

അധികമാരും കാണാത്തതും, കേൾക്കാത്തതും അറിയാത്തതുമായ നിരവധി കാര്യങ്ങൾ രഹസ്യാന്വേഷണ ഏജൻസികളിൽ നടക്കുന്നുണ്ട്

രാജ്യത്തിന്റെ സുരക്ഷയ്ക്ക് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സംഭാവനയ്ക്ക് സായുധ സേന കടപ്പെട്ടിരിക്കുന്നു. റിസർച്ച് ആന്റ് അനാലിസിസ് വിംഗ് (RAW) ഉൾപ്പെടെയുള്ള വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിച്ചിരുന്നില്ലെങ്കിൽ ഞങ്ങളുടെ സൈനിക നടപടികളൊന്നും വിജയിക്കില്ലായിരുന്നെന്നും മനോജ് നാരവനെ പറഞ്ഞു. ലോകത്തിലെ ഏറ്റവും കഴിവുള്ള രഹസ്യാനേഷണ ഏജൻസികളിൽ ഒന്നായ റിസർച് ആന്റ് അനാലിസിസ് വിംഗും, ഇന്ത്യൻ ആഭ്യന്തര സുരക്ഷാ സേനയായ എൻ.എസ്. ജിയും സ്ഥാപിച്ച ആർ. എൻ കാവോയെക്കുറിച്ചുള്ള പുസ്തകമാണ് 'ആർ.എൻ കാവോ: ജെന്റിൽമാൻ സ്പൈ മാസ്റ്റർ'.