junaid

ലാഹോർ: സോഷ്യൽ മീഡിയയിലൂടെ മതനിന്ദ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂണിവേഴ്സിറ്റി പ്രൊഫസർ ജുനൈദ് ഹഫീസിന് (33) പാകിസ്ഥാൻ കോടതി വധശിക്ഷ വിധിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടെന്നാരോപിച്ച് 2013 മാർച്ചിലാണ് ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുൾട്ടാനിലെ സെൻട്രൽ സിറ്റിയിൽവച്ചാണ് ശിക്ഷ വിധിച്ചത്. അറസ്റ്റിലാകുമ്പോൾ അദ്ദേഹം ഈ നഗരത്തിലെ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു. വിചാരണസമയത്ത് മുൾട്ടാൻ ജയിലിൽ കർശന സുരക്ഷയാണൊരുക്കിയിരുന്നത്.

'അത്യധികം ദൗർഭാഗ്യകരം' - ഹഫീസിന്റെ അഭിഭാഷകൻ ആസാദ് ജമാൽ പ്രതികരിച്ചു. അപ്പീൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വിധിക്ക് ശേഷം 'അള്ളാഹു അക്ബർ, ഇത് ദൈവനിന്ദകന്റെ അന്ത്യം' എന്ന് പ്രതികരിച്ച പ്രോസിക്യൂഷൻ അഭിഭാഷകൻ മധുരം വിതരണം ചെയ്തു.

'നീതിയുടെ വലിയ തോൽവിയാണിതെന്നായിരുന്നു' ആംനസ്റ്റി ഇന്റർനാഷണലിന്റെ പ്രതികരണം.

വിചാരണനടക്കുന്നതിനിടെ 2014 ൽ ഹഫീസിന്റെ അഭിഭാഷകൻ കൊല്ലപ്പെട്ടിരുന്നു. ഇയാൾക്ക് നേരെ വധഭീഷണി നിലനിന്നിരുന്നു.

അന്താരാഷ്ട്ര മതസ്വാതന്ത്രത്തിന് വേണ്ടിയുള്ള യു.എസ് കമ്മിഷന്റെ 2018 ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം പാകിസ്ഥാനിൽ ഇതുവരെ 40 ഓളം പേർക്ക് ദൈവനിന്ദയുടെ പേരിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ദൈവനിന്ദ കേസിൽ എട്ട് വർഷത്തെ തടവിന് ശേഷം ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയിരുന്നു. അവരിപ്പോൾ കാനഡയിലാണ് താമസം.