nda-sjc

പാറ്റ്‌ന: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനെചൊല്ലി എൻ.ഡി.എയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ മുന്നണി യോഗം വിളിക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടു.

നിതീഷ് കുമാറിന്റെ ജെ.ഡി.യു, രാം വില്വാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടി, അസാം ഗണ പരിഷത്ത്, ശിരോമണി അകാലിദൾ എന്നീ എൻ.ഡി.എ ഘടകകക്ഷികൾ ദേശീയ പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും ബി.ജെ.പിക്കെതിരെ നിലപാട് ശക്തമാക്കി. ഓരോ സഖ്യകക്ഷിയോടും പ്രധാനമന്ത്രി ചർച്ച നടത്തണമെന്നും എൻ.ആർ.സിയെക്കുറിച്ചുള്ള ആശങ്ക അകറ്റണമെന്നും ജെ.ഡി.യു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മറ്റ് ഘടകകക്ഷികളും ആശങ്കയിലാണ്.

നാല് പാർട്ടികളും പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണ് പാർലമെന്റിൽ സ്വീകരിച്ചതെങ്കിലും ദേശീയതലത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്.

അസാമിലുണ്ടായ പ്രക്ഷോഭമാണ് അസാം ഗണപരിക്ഷത്തിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ് പാർട്ടി.

എൻ.ആർ.സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ എട്ടാമത്തെ സംസ്ഥാനമാണ് ബീഹാർ.

'ബി.ജെ.പി ഭരിക്കുന്ന അസാം എൻ.ആർ.സി നടപ്പാക്കില്ലെന്ന് പറയുമ്പോൾ, പിന്നെങ്ങനെയാണ് ബീഹാറിൽ നടപ്പാക്കുക'- ജെ.ഡി.യു ദേശീയ ജനറൽ സെക്രട്ടറി കെ.സി ത്യാഗി ചോദിച്ചു. എൻ.ആർ.സി ഒരിക്കലും നടപ്പാക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.എ.എ, എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരോട് കേന്ദ്ര സർക്കാർ സംസാരിക്കണമെന്നും ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാനും ആവശ്യപ്പെട്ടു.

ഇവർക്ക് പുറമെ ഒഡീഷയിലെ ബിജു ജനതാദളും രാജ്യവ്യാപക എൻ.ആർ.സിക്കെതിരാണ്. ഇവർക്കൊപ്പം ശിരോമണി അകാലിദളും രംഗത്ത് വന്നതോടെ ഘടകകക്ഷികളെ കൂടെനിർത്താൻ നരേന്ദ്ര മോദിയും അമിത് ഷായും എന്ത് തന്ത്രം പ്രയോഗിക്കുമെന്നാണ് അറിയേണ്ടത്..

 ജനസംഖ്യാ സെൻസസ് നിറുത്തിവച്ചു

ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനുള്ള നടപടികൾ രാജസ്ഥാൻ സർക്കാർ നിറുത്തി വച്ചു. നേരത്തെ ബംഗാളും കേരളവും ഇതിന്റെ നടപടികൾ നിറുത്തിവച്ചിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തിയേക്കാം എന്ന ആശങ്ക ജനങ്ങളിൽ ഉയർന്ന സാഹചര്യത്തിലാണിത്. 2020 ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് രാജ്യവ്യാപകമായി സെൻസസ് നടക്കുക. 2021ൽ സെൻസസ് പട്ടിക കേന്ദ്രസർക്കാർ പുറത്തു വിടും.