ആലപ്പുഴ: അഖണ്ഡനാമ മന്ത്രധ്വനികളേയും പ്രാർത്ഥനാ ഗീതങ്ങളേയും സാക്ഷിയാക്കി ചന്തിരൂരിൽ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയത്തിന് ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി ശിലാസ്ഥാപനം നിർവഹിച്ചു. പ്രാർത്ഥനാലയത്തിൽ ഗുരുവിന്റെ ഛായാചിത്രം പുനഃപ്രതിഷ്ഠിച്ച് ആരാധന നടത്തി. ചടങ്ങിന് വൻജനാവലി സാക്ഷിയായി.
ജന്മഗൃഹസമുച്ചയം ഗുരുവിന്റെ ത്യാഗത്തിൽ നിന്നാണ് ഇതൾ വിരിയുന്നതെന്ന് ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി പറഞ്ഞു. ഗുരുവിന്റെ ജീവിത സ്മരണകൾ തലമുറകളുടെ ധന്യതയാണെന്നും അമൃത ജ്ഞാന തപസ്വിനി പറഞ്ഞു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരും പങ്കെടുത്തു.
75,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ജന്മഗൃഹ സമുച്ചത്തിന് 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
'സൗരയൂഥ കണക്കിനെ ആസ്‌പദമാക്കി മൂന്നുഘട്ടങ്ങളിലായാണ് സമുച്ചയം നിർമ്മിക്കുന്നത്. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലായിരിക്കും നിർമ്മാണം".
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,
ജനറൽ സെക്രട്ടറി
മതേതര മാനങ്ങളുള്ള ആരാധനാ കേന്ദ്രം
കരുണാകരഗുരുവിന്റെ 100-ാം ജന്മദിനമായ 2027 സെപ്‌തംബർ ഒന്നിന് സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഭക്തർക്കായി തുറക്കും. ആലപ്പുഴ, എറണാകുളം ജില്ലാ അതിർത്തിയോട് ചേർന്ന് കൈതപ്പുഴ കായലോരത്തെ കരിനിലത്തെ അഞ്ചടിപ്പാടത്തിന് സമീപമുള്ള ഏഴ് ഏക്കറിലാണ് ഗുരുവിന്റെ ജന്മഗൃഹം. ഇവിടെയുണ്ടായിരുന്ന കുടിലിന്റെ സ്ഥാനത്താണ് സമുച്ചയം നിർമ്മിക്കുന്നത്.
കരുണാകരഗുരുവിന്റെ ജീവചരിത്രം ഉൾപ്പെടുന്ന വിഷ്വൽ മ്യൂസിയം, ആത്മീയ പ്രഭാഷണങ്ങൾക്കായി മഹാമണ്ഡപം, ദർശന മണ്ഡപം, ധ്യാന മണ്ഡപം, ജപമണ്ഡപം, അന്നദാന മണ്ഡപം, കൽമണ്ഡപം, മണിമണ്ഡപം തുടങ്ങിയവ നിർമ്മിക്കും. ആലപ്പുഴ സ്വദേശി വിക്ടർ പൈലിയാണ് കോൺസപറ്റ് ഡിസൈനിംഗ്. ബംഗളൂരുവിൽ നിന്നുള്ള ജി. മേഖല ഗുരുമൂർത്തിയും രൂപകല്പനയിൽ പങ്കാളിയാകും.