മംഗളൂരു: പൗരത്ല നിയമ ഭേദഗതിക്കെതിരായ് മംഗളുരുവിൽ നടന്ന സമരത്തിനിടെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടത് പ്രതിഷേധക്കാർ തന്നെയാണെന്ന് പൊലീസ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീൻ എന്ന യുവാവ് മംഗളൂരു പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്ന ബന്ധുക്കളുടെ വാദം തള്ളിയാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ടവരെ പ്രതികളാക്കി കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് പൊലീസ് കേസുമെടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയുണ്ടായ സംഘർഷത്തിൽ പൊലീസെടുത്ത കേസിൽ ജലീൽ മൂന്നാം പ്രതിയും നൗഷീൻ എട്ടാം പ്രതിയുമാണ്. ആകെ 77 പേർക്കെതിരെയാണ് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് കേസ്. പൊതുമുതൽ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്..ഐ..ആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് നഗരത്തിൽ സംഘടിച്ചതെന്നാണ് പൊലീസ് വാദം. ഏഴായിരത്തോളം പേരാണ് അക്രമം നടത്തിയതെന്നായിരുന്നു നേരത്തെ മംഗളൂരു കമ്മീഷണർ പി എസ് ഹർഷ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
അതേസമയം മംഗളൂരു നഗരം സാധാരണനിലയിലേക്ക് വരികയാണ്. കർഫ്യൂവിൽ പകൽ ഇളവുണ്ട്. നാളെ പൂർണമായി പിൻവലിക്കും. നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു. ബസ് സർവീസുകളും പുനരാരംഭിച്ചു. മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വെടിവപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ മംഗളൂരുവിലെത്തി കണ്ടു.