ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിയുന്ന വാഹനശ്രേണിയാണ് സ്കൂട്ടറുകൾ. കഴിഞ്ഞ ഒക്ടോബറിൽ മാത്രം 5.80 ലക്ഷം സ്കൂട്ടറുകളാണ് പുതുതായി ഇന്ത്യൻ നിരത്തിലെത്തിയത്. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ചുവടുപിടിച്ച് ഈമാസവും അടുത്തമാസവും വില്പന ഇതിലുമേറെ ഉയരുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യൻ വാഹന വിപണിയിൽ വലിയൊരു സാങ്കേതിക മാറ്റത്തിന്റെ കൂടി കാലമാണിത്. ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന എൻജിനുകളിലേക്ക് പുതിയ വാഹനങ്ങളെ എല്ലാ നിർമ്മാണ കമ്പനികളും രൂപപ്പെടുത്തി കൊണ്ടിരിക്കുന്നു. ഏപ്രിൽ മുതലാണ് ചട്ടം നിലവിൽ വരുന്നതെങ്കിലും ഒട്ടുമിക്ക കമ്പനികളും അതിലേക്ക് നേരത്തേ തന്നെ കൂടുമാറുകയാണ്. ഈ തരംഗത്തിന്റെ ചുവടുപിടിച്ച്, യമഹ അവതരിപ്പിച്ച പുത്തൻ സ്കൂട്ടറാണ് ഫാസിനോ 125 എഫ്.ഐ. യമഹയുടെ ആദ്യ 125 സി.സി സ്കൂട്ടറുമാണിത്.
ഫാസിനോയുടെ 113 സി.സി സ്കൂട്ടറിന് പകരക്കാരനായാണ് ഈ പുത്തൻ താരത്തിന്റെ ഉദയം. അതേസമയം, ഫാസിനോയുടെ തനത് രൂപകല്പന തന്നെയാണ് പുതിയ മോഡലിലും കാണാനാവുക. ക്രോമിന്റെ വൈവിദ്ധ്യ ഉപയോഗവും മെറ്രാലിക് കളർ ഓപ്ഷനുകളും ചേർത്ത് പ്രീമിയം ലുക്ക് സ്കൂട്ടറിന് യമഹ സമ്മാനിച്ചിട്ടുണ്ട്. അത്യാകർഷകമായ മഞ്ഞ, ചുവപ്പ്, സിയാൻ ബ്ലൂ, മാറ്ര് ബ്ളൂ, ഡാർക്ക് ബ്ളൂ, കറുപ്പ്, കോപ്പർ നിറങ്ങളിൽ പുത്തൻ ഫാസിനോ ലഭിക്കും.
12 ഇഞ്ച് അലോയ് വീലുകളാണുള്ളത്. മികച്ച ബ്രേക്കിംഗ് ഉറപ്പാക്കാൻ യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം അഥവാ സി.ബി.എസിന്റെ പിന്തുണയുണ്ട്. സൈഡ് സ്റ്രാൻഡ് കട്ട് ഓഫ് സ്വിച്ച്, മൾട്ടി ഫംഗ്ഷൻ കീ, ഫോൾഡബിൾ ഹുക്ക്, യു.എസ്.ബി ചാർജിംഗ് എന്നിങ്ങനെ ഉപഭോക്താവിന് ഉപകാരപ്രദമായ ഒട്ടേറെ ഫീച്ചറുകളും ഫാസിനോയിലുണ്ട്. പിന്നിലേക്ക് ഒഴുകി വീഴുന്ന മട്ടിലുള്ള രൂപം, കോൺകേവ് ലെൻസ് ഹെഡ്ലൈറ്ര്, ക്ളാസിക് ഇൻസ്ട്രുമെന്റ് പാനൽ, സീറ്രിന് താഴെ 21 ലിറ്റർ സ്റ്രോറേജ് സ്പേസ്, 'വി" ആകൃതിയുള്ള ടെയിൽ ലൈറ്ര് എന്നിവയും ആകർഷണങ്ങളാണ്.
പുതിയ 125 സി.സി., എയർകൂൾഡ്, 4-സ്ട്രോക്ക്, എസ്.ഒ.എച്ച്.സി എൻജിനാണുള്ളത്. എട്ട് ബി.എച്ച്.പി കരുത്തും 9.7 എൻ.എം മാക്സിമം ടോർക്കും ഇതുത്പാദിപ്പിക്കുന്നു. 113 സി.സി വേർഷനേക്കാൾ കൂടുതൽ കരുത്തേറിയ മോഡലാണിത്. അത്, പെർഫോമൻസിലും വ്യക്തമാണ്. ലിറ്രറിന് 58 കിലോമീറ്രറാണ് സർട്ടിഫൈഡ് മൈലേജ്. വില 66,430 രൂപ മുതൽ.