കണ്ണൂർ: പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് വ്യക്തമാക്കി എഴുത്തുകാരൻ എം.മുകുന്ദൻ. പൗരത്വ നിയമഭേദഗതി മതനിരപേക്ഷ ഇന്ത്യയുടെ അസ്തിത്വത്തെ തകർക്കും. നിയമം നടപ്പിലാക്കിയാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കൊളോണിയലിസ്റ്റ് കാലത്തിന് ശേഷം സ്വതന്ത്ര്യം കിട്ടിയതിൽ ഇന്നും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അരുന്ധതി റോയുടെ വാക്കുകൾ കടമെടുത്താല്‍ ഇന്നും എഴുന്നേറ്റുനിൽക്കുന്ന രാജ്യം, അത് ഭരണാധികാരികള്‍ മറന്നുപോവരുത്. മതനിരപേക്ഷത എന്ന ഇന്ത്യയുടെ അസ്ഥിത്വത്തെ തകർക്കുന്നതാണ് പൗരത്വ നിയമം. മുസ്ലിങ്ങളെ ബോധപൂർവം മാറ്റിനിറുത്താൻ ഉദ്ദേശിച്ചുള്ളതാണിത്. പാകിസ്താനുമായാണ് ഇവർ ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. ഇന്ത്യ വേറെ, പാകിസ്ഥാൻ വേറെ.. രണ്ടും തമ്മിൽ താരതമ്യം പാടില്ലെന്നും മുകുന്ദ്ൻ വ്യക്തമാക്കി..
പൗരത്വനിയമത്തിനെതിരെ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ലോകമെമ്പാടും നിന്നുള്ള പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സർവകലാശാലകളിൽ പോലും ബില്ല് ചർച്ചയായിക്കഴിഞ്ഞു. ഇന്ത്യയുടെ സത്പേര് പോയിക്കൊണ്ടിരിക്കുകയാണ്.നിയമം പിൻവലിക്കണം. പാകിസ്താന്റെ വഴിയല്ല ഇന്ത്യയുടേത് എന്നാണ് നമ്മുടെ ഭൂതകാലവും വർത്തമാനകാലവും പറയുന്നത്. എന്ത് വിലകൊടുത്തും നമ്മുടെ ഈ മതേതര സ്വഭാവം നിലനിറുത്തണം.നിയമം പിൻവലിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.