railway-

കോഴിക്കോട് : പരശുറാം എക്‌സ്‌പ്രസിനെ പാളം തെറ്റിച്ച് അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പാളത്തിൽ കല്ലുകൾ നിരത്തിയും പാളങ്ങൾ കോൺക്രീറ്റ് സ്ളാബുകളിൽ ഉറപ്പിക്കുന്ന ക്ലിപ്പുകൾ മാറ്റിയും സാമൂഹ്യവിരുദ്ധർ. ഇരുപതോളം ക്ലിപ്പുകളാണ് പാളത്തിൽ നിന്നും അടർത്തി മാറ്റിയത്. ഏറെ ബുദ്ധിമുട്ടിയാൽ മാത്രമേ ഇത്തരത്തിൽ ക്ലിപ്പുകൾ വേർപെടുത്താനാവുകയുള്ളു, ഇതാണ് അട്ടിമറി ലക്ഷ്യം വച്ചുള്ള ഗൂഢശ്രമം സംഭവത്തിനു പിന്നിലുള്ളതായി റെയിൽവേ സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം, വടകര അയനിക്കാട് മേഖലയിലാണ് ട്രാക്കിൽ അട്ടിമറി ശ്രമം കണ്ടെത്തിയത്.

ഇതുവഴി പരശുറാം എക്സ്പ്രസ് കടന്ന് പോകവെ ട്രെയിൽ പതിവിന് വിപരീതമായി ആടിയുലയുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പാളത്തിൽ അപാകതയുള്ളതായി ലോക്കോ പൈലറ്റിന് ബോദ്ധ്യപ്പെട്ടത്. തുടർന്ന് വടകര സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവം രേഖാമൂലം റിപ്പോർട്ട് ചെയ്തതിനുശേഷമാണ് യാത്ര തുടർന്നത്. ലോക്കോ പൈലറ്റിന്റെ സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് റെയിൽവേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. അയനിക്കാട് പെട്രോൾ പമ്പിന്റെ പിൻവശത്തായി പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ നിരത്തി വച്ചതായി കണ്ടെത്തി, ഏകദേശം അമ്പത് മീറ്ററോളം നീളത്തിൽ പാരകഷ്ണങ്ങൾ നിരത്തിവച്ചിരുന്നു.

അട്ടിമറിശ്രമത്തിൽ റെയിൽവെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.