ജ്യോതിർഗോളങ്ങളുടെ ചലനത്തെ സൂചിപ്പിക്കുന്ന സൂര്യഗ്രഹണം പോലെയുള്ള വേളകൾ നമുക്കു ചുറ്റുമുള്ള പ്രതിഭാസങ്ങളെയും മാറ്റങ്ങളെയും ഗ്രഹിക്കാനുള്ള അസുലഭവേളകളാണ്. മനുഷ്യൻ ചിന്തിച്ചു തുടങ്ങിയ കാലം മുതൽ തന്നെ ആകാശത്തിലെ മാറ്റങ്ങളെ നിരീക്ഷിച്ച് വിസ്മയം കൊണ്ടിരുന്നു. അതിനാൽത്തന്നെ ആദ്യമായി വികസിച്ച ശാസ്ത്രശാഖ ജ്യോതിശാസ്ത്രമാണ്. മെസൊപ്പൊട്ടേമിയയിലും മെസോഅമേരിക്കയിലും പിന്നീട് ഇന്ത്യയിലും ചൈനയിലും ഗ്രീസിലും ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ നടത്തുകയും ജ്യോതിർഗോളങ്ങളുടെ ഭാവി ചലനത്തെക്കുറിച്ചുള്ള നിശ്ചിതമായ പ്രവചനങ്ങൾ നടത്താനുള്ള അറിവ് സ്വായത്തമാക്കുകയും ചെയ്തു.
ശാസ്ത്രീയമായി സൂര്യന്റെ സവിശേഷതകൾ ഗ്രഹിക്കുകയും ലോകസമക്ഷം അവതരിപ്പിക്കുകയും ചെയ്തത് ഗലീലിയോ ഗലീലിയാണ്. ദൂരദർശിനി ആദ്യമായി വാനനിരീക്ഷണത്തിന് ഉപയോഗിച്ചതും ഗലീലിയോ തന്നെ. അനേക നൂറ്റാണ്ടുകൾക്ക് മുൻപ് അരിസ്റ്റോട്ടിൽ സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള അനുമാനങ്ങൾ അവതരിപ്പിച്ചെങ്കിലും അവയൊക്കെ ഗലീലിയോയുടെ നിരീക്ഷണഫലങ്ങൾക്ക് മുന്നിൽ നിഷ്പ്രഭമായി. ആധുനിക ശാസ്ത്രീയ രീതിയുടെയും നിരീക്ഷണാധിഷ്ഠിതമായ ശാസ്ത്രീയമായ അനുമാനങ്ങളുടെയും ഉപജ്ഞാതാവ് ഗലീലിയോയാണ്. സൂര്യന്റെ സവിശേഷതകൾ, സൂര്യനിലെ കറുത്തപൊട്ടുകൾ (സൗരകളങ്കങ്ങൾ)ചന്ദ്രന്റെയും ശുക്രന്റെയും വൃദ്ധിക്ഷയങ്ങൾ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയം, ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ചുള്ള അനുമാനങ്ങൾ എന്നിവ ദൂരദർശിനി ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ തന്റെ കൃതികളുടെ രൂപത്തിൽ അവതരിപ്പിച്ചു. നിക്കോളാസ് കോപ്പർനിക്കസിന്റെ സൂര്യനെ കേന്ദ്രമാക്കിയുളള സൗരയൂഥ മാതൃകയ്ക്ക് താങ്ങാകുന്ന നിരീക്ഷണ ഫലങ്ങളാണ് ഗലീലിയോ അവതരിപ്പിച്ചത്. ദൂരദർശിനിയിലൂടെയും നേരിട്ടും സൂര്യനെ നിരീക്ഷിച്ചതു മൂലം ഗലീലിയോയുടേ ദൃഷ്ടി തകരാറിലായി. അവസാനകാലത്ത് അന്ധത അദ്ദേഹത്തെ ബാധിച്ചിരുന്നു. തിമിരവും ഗ്ലോക്കോമയുമാണ് അദ്ദേഹത്തിന്റെ ദൃഷ്ടി തകരാറിലാക്കിയത് എന്നൊരു വാദമുണ്ടെങ്കിലും തുടർച്ചയായ സൂര്യനിരീക്ഷണങ്ങൾ ഗലീലിയോയുടെ നേത്രങ്ങളെ ബാധിച്ചിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. സൂര്യന്റെ അൽട്രാവയലറ്റ് വികിരണം തിമിരത്തിനുള്ള സാദ്ധ്യത വർധിപ്പിക്കും എന്നത് ആധുനിക നിരീക്ഷണം. ഐസക്ക് ന്യൂട്ടനും സൂര്യനെ നിരീക്ഷിച്ച് താത്കാലികമായ ദൃഷ്ടിനഷ്ടത്തിനു വിധേയനായി. ന്യൂട്ടൻ കാണിച്ച മറ്റൊരബദ്ധം ദൂരദർശിനിയിലൂടേയുള്ള നിരീക്ഷണവും നേരിട്ടുളള നിരീക്ഷണവുമാണ്. ഒരിക്കൽ സൂര്യന്റെ പ്രതിഫലനം കണ്ണാടിയിൽ നിരീക്ഷിച്ചതുമൂലം ആഴ്ചകളോളം ദൃഷ്ടിക്കുറവ് അനുഭവിച്ചു.
സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ കുറച്ചുഭാഗം ഭൗമോപരിതലത്തിലെത്തുന്നു. ഭൗമോപരിതലം ആഗിരണം ചെയ്യുന്ന സൂര്യനിൽനിന്നുള്ള വികിരണം പുനർവികിരണം ചെയ്യുന്നു. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണം ഹാനികരമാണ്. മേഘാവൃതമായ ആകാശമുള്ളപ്പോൾ പോലും അൾട്രാവയലറ്റ് നിർബാധം ഭൗമോപരിതലത്തിലെത്തുന്നു. അൾട്രാ വയലറ്റ് വികിരണം കൂടുതലായി ഏറ്റാൽ ചർമ്മരോഗങ്ങളുണ്ടാകും. നേത്രങ്ങളിലെ കൺജെൻക്ടൈവയിൽ അസാധാരണമായ കോശവളർച്ചയുണ്ടാകാൻ കാരണം ഈ വികിരണമാണ്. നേരിട്ട് നേത്രങ്ങളിൽ പതിച്ചാൽ ദൃഷ്ടിയെ വരെ ബാധിക്കും .അൾട്രാവയലറ്റ് വികിരണം ദൃശ്യപ്രകാശത്തെക്കാൾ ഹ്രസ്വമായ തരംഗദൈർഘ്യവും എക്സ്റെയെക്കാൾ കൂടുതൽ തരംഗദൈർഘ്യവുമുള്ള വിദ്യുത്കാന്തിക സ്പെക്ട്രത്തിലെ ഒരംഗമാണിത്. ദൃശ്യപ്രകാശത്തിലെ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യം വയലറ്റിനാണ്. മനുഷ്യനേത്രങ്ങളിൽ ഇതു ദൃശ്യമാകുന്നില്ല. വയലറ്റിനപ്പുറം എന്നതാണ് അൾട്രാവയലറ്റ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. അൾട്രാവയലറ്റ് വികിരണം ദൃശ്യപ്രകാശം ഗാമാ രശ്മി, എക്സ് രശ്മി, സൂക്ഷ്മതരംഗം, റേഡിയോ തരംഗം, ഇൻഫ്രാറെഡ്, അൾട്രാ വയലറ്റ് തുടങ്ങിയവ സൂര്യനിൽ നിന്നുള്ള വികിരണത്തിലെ ഘടകങ്ങളാണ്.ഇൻഫ്രാറെഡ് താപനിലയേറ്റുകയും നേത്രങ്ങളിലെ റെറ്റിനയിൽ സോളാർ റെറ്റിനോപ്പതിക്ക് കാരണമാകുകയും ചെയ്യും. അൾട്രാവയലറ്റ് നേത്രങ്ങളിലെ റോഡ്, കോൺ എന്നീ പ്രകാശസംവേദന കോശങ്ങളിൽ ഫോട്ടോകൊയാഗുലെഷൻ എന്ന ഗുരുതരമായ രാസമാറ്റത്തിനു വഴിയൊരുക്കി കോശങ്ങളെ നശിപ്പിക്കുന്നു. ഈ കോശങ്ങൾക്ക് പുനരുജ്ജീവനമില്ല. അതായത് നേത്രങ്ങളിൽ സൂര്യപ്രകാശം മൂലം ഹാനിയുണ്ടായാൽ ജീവിതകാലം മുഴുവൻ നിലനിക്കുമെന്നർത്ഥം.
സൂര്യാഘാതവും പൊള്ളലും
അൾട്രാവയലറ്റാണ്. ഇവ ശരീരത്തിൽ പതിക്കുന്നത് അറിയുകയേയില്ല. പൊള്ളൽ ഉണ്ടായിക്കഴിയുമ്പോൾ മാത്രമാണ് തിരിച്ചറിയുക. അതുപോലെ നേത്രങ്ങളെ ബാധിച്ചത് ആദ്യമൊന്നും അറിയുകയില്ല. പതിയെ ദൃഷ്ടിയിൽ വെളുത്ത കുത്തുകൾ കാണാപ്പെടും. ചിലർക്ക് നേരിട്ട് സൂര്യനെ നിരീക്ഷിച്ചാൽ മനംപിരട്ടൽ ഛർദ്ദി, തലകറക്കം, തലവേദന, വിറയൽ തുടങ്ങിയവ അനുഭവപ്പെടും. നാമറിയാതെ എത്തുന്ന അദൃശ്യമായ അൾട്രാവയലറ്റ് നേത്രങ്ങളിൽ എത്താതെ സംരക്ഷിക്കണം.
ഡിസംബർ 26ന് കേരളത്തിൽ ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം നിരീക്ഷിക്കാൻ ഏറ്റവും നല്ല ഉപാധി നമ്പർ 14 വെൽഡിംഗ് ഗ്ലാസാണ്. പിൻഹോൾ കാമറ എന്ന ഉപകരണവും സഹായകമാകും. ഒരു കാർഡ് ബോർഡിൽ ചെറിയ ദ്വാരമിട്ട് സൂര്യപ്രകാശം മറ്റൊരു കാർഡ്ബോർഡീൽ പതിപ്പിച്ച് നിരീക്ഷിക്കുന്നതാണ് ഇത്. കാമറ, ബൈനോക്കുലർ, ടെലിസ്കോപ്പ്, സൺഗ്ലാസുകൾ തുടങ്ങിയവ സൂര്യഗ്രഹണം നിരീക്ഷിക്കാൻ അനുയോജ്യമല്ല.സുരക്ഷിതം എന്ന ലേബലിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഗ്രഹണക്കണ്ണടകളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയങ്ങളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫിലിമുകൾ പെട്ടെന്ന് നശിക്കുന്നു. ചെറിയ മടക്കുകളോ കീറലോ ഉണ്ടെങ്കിൽപോലും അൾട്രാവയലറ്റ് നിർബാധം കണ്ണുകളിലെത്തും. ശാസ്ത്രം ഇത്രയും പുരോഗമിച്ച വേളയിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നതല്ലേ ഉചിതം.