car-

കൊല്ലം : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വളയം പിടിക്കുന്നതിന്റെ ഹുങ്ക് ദേശീയപാതയിൽ സാധാരണക്കാരോട് തീർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. ഇദ്ദേഹവും കൂട്ടാളികളും സഞ്ചരിച്ച കാർ കൊല്ലം ചവറ ദേശീയപാതയിൽ നാലിടത്ത് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ നാല് സ്ഥലങ്ങളിൽ അപകടമുണ്ടാക്കിയിട്ടും ഒന്നു നിർത്തുവാനുള്ള സാമാന്യമര്യാദ പോലും ഈ നിയമപാലകനിൽ അശേഷം ഉണ്ടായിരുന്നില്ല. തുടർച്ചയായി അപകടമുണ്ടായിട്ടും നിർത്താതെ പാഞ്ഞ കാർ ഒടുവിൽ ടയർ പൊട്ടി നിൽക്കുകയായിരുന്നു, അതും ഒരു വീട്ടിലേക്ക് ഇടിച്ചുകയറി അപകടകരമായ നിലയിൽ.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകട പരമ്പരകളുടെ തുടക്കം. ദേശീയപാതയിൽ ശങ്കരമംഗലത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പാഞ്ഞ കാർ നല്ലേഴുത്തുമുക്ക് , കൊറ്റൻകുളങ്ങര,ചവറ, പരിമണം എന്നിവിടങ്ങളിൽ വച്ചാണ് മറ്റു വാഹനങ്ങളിൽ ഇടിച്ചത്. എന്നിട്ടും നിർത്താതെ യാത്ര തുടർന്ന കാർ ടയർ പൊട്ടിയതിനെ തുടർന്ന് ചീലാന്തി ജംഗഷനു സമീപത്തെ വീട്ടിലേക്കു പാഞ്ഞുകയറി നിൽക്കുകയായിരുന്നു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇവരെ തടഞ്ഞുവച്ചു പൊലീസിന് കൈമാറി. ചവറ സ്വദേശിയായ പൊലീസുകാരനും മൂന്ന് സുഹൃത്തുക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ മദ്യപിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ചവറ പൊലീസ് അറിയിച്ചു.