ഇടുക്കി: ജയിലിലെ പാൽ ദൗർലഭ്യത്തിന് പരിഹാരം കണ്ട് കേരള കോൺഗ്രസ് എം.എൽ.എ പി.ജെ ജോസഫ്. തന്റെ പശുവായ 'മീര'യെയും അതിന്റെ കിടാവ് 'അഭിമന്യു'വിനേയും ഇടുക്കി മുട്ടം ജയിലിലെ പശുവളർത്തൽ കേന്ദ്രത്തിലേക്ക് അയച്ചുകൊണ്ടാണ് പി.ജെ ജോസഫ് ജയിലിലെ പാൽ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ക്രിസ്മസ് സമ്മാനമായാണ് എം.എൽ.എ ഈ ദാനം നടത്തിയത്.
ജയിലിലേക്ക് 25 ലിറ്റർ പാലാണ് സാധാരണ ആവശ്യമായി വരികയെന്നും എന്നാൽ പല ദിവസങ്ങളിലും പാൽ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് ജയിൽ സൂപ്രണ്ട് ഒരിക്കൽ പി.ജെ. ജോസഫിനോട് പരാതി പറഞ്ഞിരുന്നു. ഈ പരാതി കണക്കിലെടുത്താണ് എം.എൽ.എ തന്റെ പ്രിയപ്പെട്ട പശുവിനെയും കിടാവിനെയും ജയിലിന് കൈമാറാൻ തീരുമാനിച്ചത്. പി.ജെ ജോസഫ് ചെയ്ത ഈ ഉപകാരത്തോട് രസകരമായാണ് ജയിൽ ഡി.ജി.പിയായ ഋഷിരാജ് സിംഗ് പ്രതികരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 55 ജയിലുകളാണ് ഉള്ളതെന്നും ഈ ജയിലുകളിലേക്ക് പലവിധത്തിലുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം ഇത്തരത്തിലൊരു സഹായം ഇതാദ്യമായാണ് ലഭിക്കുന്നതെന്നാണ് പ്രതികരിച്ചത്. ക്ഷീരകൃഷിയോടൊപ്പം വിവിധങ്ങളായ പച്ചക്കറികളും ജയിലിന്റെ ഒന്നരയേക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്.
കൂർക്ക, ചേന, വാഴ തുടങ്ങിയ മുപ്പതിനം കാർഷിക വിളകളാണ് ജയിൽ വളപ്പിൽ കൃഷി ചെയ്യുന്നത്. പശുവിനെയും കിടാവിനെയും സ്വീകരിച്ച ശേഷം ജയിൽ നടന്ന കണ്ട ഋഷിരാജ് സിംഗ് 13 ജില്ലാ ജയിലുകളിൽ ഏറ്റവും മികച്ച ജയിലെന്ന സർട്ടിഫിക്കറ്റും ഇടുക്കി മുട്ടം ജയിലിന് നൽകി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇടുക്കി മുട്ടം ജയിൽ തുറന്നത്.