തിരുവനന്തപുരം : മിസോറാം ഗവർണറാവാൻ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ കസേര പി.എസ്.ശ്രീധരൻ പിള്ളയൊഴിഞ്ഞിട്ട് മാസങ്ങളായിട്ടും പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനാവാതെ പാർട്ടി നേതൃത്വം. അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനായി കേന്ദ്ര നേതൃത്വം നിയോഗിച്ച സംഘം ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് ചർച്ചകൾ നീണ്ട് പോവുകയായിരുന്നു. എം.ടി.രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും കെ.സുരേന്ദ്രനായി മുരളീധരപക്ഷവും ശക്തമായി മുന്നോട്ടുവന്നതോടെയാണ് അദ്ധ്യക്ഷസ്ഥാനം തീരുമാനമാവാതെ നീളുന്നത്. അതേസമയം ആർ.എസ്.എസ് നേതൃത്വം ഇക്കുറി പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്. മുൻപ് രണ്ട് തവണയും ആർ.എസ്.എസിന്റെ തീരുമാനപ്രകാരമാണ് മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരനും, പി.എസ്.ശ്രീധരൻ പിള്ളയും അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയത്. ഇക്കുറിയും കുമ്മനം രാജശേഖരന്റെ പേരാണ് ആർ.എസ്.എസ് നേതൃത്വം മുന്നോട്ട് വച്ചിരുന്നത്. ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം അദ്ധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം എത്തുമെന്നാണ് അറിയുന്നത്.
അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ നളിൻകുമാർ കട്ടീലും എച്ച്.രാജയും ഈ മാസം അവസാനത്തോടെ കേരളത്തിലെത്തും. മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളടക്കമുള്ളവരുമായി സംഘം ചർച്ച നടത്തും. 26, 27, 28 തീയതികളിൽ ഇത്തരത്തിൽ കേന്ദ്രസംഘം അഭിപ്രായം ആരായും. ജനുവരി ആദ്യവാരത്തോടെ ജില്ലാ അദ്ധ്യക്ഷൻമാരെ പ്രഖ്യാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷമാവും സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുക.