റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരണ നീക്കങ്ങളുമായി മഹാസഖ്യം. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ സാഹചര്യത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങൾ കൊഴുക്കുകയാണ്. 81ൽ 41 സീറ്റുകളിലും വിജയം കണ്ടെത്തിയത് മഹാസഖ്യമാണ്. അതേസമയം 29 സീറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് നേടാനായത്. സംസ്ഥാനത്ത് എ.ജെ.എസ്.യുവിന് നാല് സീറ്റും, ജെ.വി.എമ്മിനു മൂന്ന് സീറ്റും നേടാനായിട്ടുണ്ട്.
മറ്റുള്ളവർ നാല് സീറ്റുകളിലും വിജയം കണ്ടെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്ത് പ്രതിഷേധങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് ഏറെ നിർണായകമാണ് ജാർഖണ്ഡ് ജനവിധി. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബി.ജെ.പി 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.
എക്സിറ്റ് പോളുകൾ ബി.ജെ.പി പരാജയപ്പെടുമെന്ന സാധ്യതയാണ് ചൂണ്ടിക്കാട്ടിയത്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബി.ജെ.പി ജാർഖണ്ഡിൽ മത്സരിച്ചത്. അതേസമയം ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളാണ് ചർച്ചയായതെന്ന പ്രതികരണവുമായി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ രംഗത്ത് വന്നിട്ടുണ്ട്.