കോഴിക്കോട്: നാദാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. കല്ലാച്ചിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രിയിലാണ് പത്തിലധികം വരുന്ന സംഘം ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി മര്‍ദിച്ചത്. പരിക്കേറ്റ മൂവരെയും നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കല്ലാച്ചിയില്‍നടന്ന പ്രകടനത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തത്.
മുഖം മറച്ചെത്തിയ പത്തോളം പേരാണ് തൊഴിലാളികളെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, തങ്ങൾ നാട്ടിലേക്ക് തിരിച്ചുപോകുമെന്നും ഇതരസംസ്ഥാനക്കാർ പറഞ്ഞു. നാട്ടിലേക്ക് തിരികെ പോയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണി ഉണ്ടെന്നും തൊഴിലാളികൾ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് തൊഴിലാളികൾ ആരോപിച്ചു. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു.