തിരുവനന്തപുരം: നടൻ മോഹൻ രാജിനെതിരായ വ്യാജ പ്രചാരണത്തിൽ മറുപടിയുമായി സഹോദരൻ പ്രേംലാൽ രംഗത്തെത്തി. കീരീക്കാടൻ ജോസ് എന്ന് അറിയപ്പെടുന്ന മോഹൻ രാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാർത്ത തെറ്റാണെന്ന് കുടുംബം വ്യക്തമാക്കി. കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മോഹൻരാജിന്‍റെ സഹോദരൻ പ്രേംലാൽ പറഞ്ഞു. തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

actor-keerikkadan-jose

"അപ്പോളോ ഹോസ്പിറ്റലിലെ ട്രീറ്റ്മെന്റിലായിരുന്നു ചേട്ടൻ. ഞങ്ങൾക്ക് പരിചയമുള്ള ഒരു ഡോക്ടർ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലുണ്ട്. തുടർന്നാണ് ഇവിടെ അഡ്മിറ്റ് ചെയ്യുന്നത്. ഒരു മാസത്തിലധികമായി ട്രീറ്റ്മെന്റ്. ഏതാണ്ട് കംപ്ലീറ്റ് ചെയ്തു. വാർത്തയിൽ പ്രചരിക്കുന്നതുപോലെ സാമ്പത്തിക പ്രതിസന്ധി യാതൊന്നുമില്ല. ചേട്ടൻ എൻഫോഴ്സ്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് പെൻഷനായിട്ടുള്ളത്. ചേട്ടന്റെ വെെഫ് ബാങ്കിൽ സീനിയർ മാനേജറാണ്. സാമ്പത്തികമായി യാതൊരു പ്രതിസന്ധിയുമില്ല. മദ്രാസിൽ ഏഴെട്ട് ഫ്ലാറ്റും,​ കൂടാതെ തിരുവനന്തപുരത്തുമുണ്ട്. ഇഷ്ടംപോലെ ബാങ്ക് ബാലൻസും ഉണ്ട്. നമ്മളെ മനപ്പൂർവം അപകീർത്തിപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ദൃശ്യം തെറ്റായി പ്രചരിപ്പിച്ചവർക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യും-പ്രേലംലാൽ പറഞ്ഞു.

കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. അദ്ദേഹത്തിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവര്‍ സഹായിക്കണം എന്ന രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്.