mp

ന്യൂഡൽഹി: ഡൽഹി-ഭോപ്പാൽ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാർ ബി.ജെ.പി എം.പി പ്രജ്ഞ സിംഗ് ഠാക്കൂറിനെ തർക്കിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ വാശി കാരണം വിമാനം വൈകിയതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. ശനിയാഴ്ചയാണ് സംഭവം.

വീൽചെയറിലിരുന്നാണ് എം.പി വിമാന യാത്രയ്ക്ക് വന്നത്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ഒന്നാം നിരയിലെ സീറ്റാണ് പ്രജ്ഞ സിംഗ് ബുക്ക് ചെയ്തത്. എന്നാൽ എമർജൻസി ഡോറിന് സമീപത്തുള്ള സീറ്റായതിനാൽ സുരക്ഷ മുൻനിർത്തി അത് വീൽ ചെയറിലുള്ളവർക്ക് നൽകാറില്ല. എന്നാൽ താൻ ബുക്ക് ചെയ്ത സീറ്റിലേ ഇരിക്കൂവെന്ന് എം.പി വാശിപിടിക്കുകയായിരുന്നു.

This wins the Internet:pic.twitter.com/4KFpDpbJYM

— santhoshd (@santhoshd) December 22, 2019


അവിടെനിന്ന് മാറിയിരിക്കാൻ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമൊക്കെ അഭ്യർത്ഥിച്ചെങ്കിലും പ്രജ്ഞ അത് ചെവിക്കൊണ്ടില്ല. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ജീവനക്കാരും തറപ്പിച്ചു പറഞ്ഞു. എം.പിയെ ഒഴിവാക്കി യാത്ര തുടരാൻ ചിലർ ആവശ്യപ്പെട്ടു. എന്നാൽ മറ്റു ചില യാത്രക്കാർ പ്രജ്ഞ സിംഗിനോട് ദേഷ്യപ്പെട്ടു. ജനപ്രതിനിധിയായ നിങ്ങൾ കാരണം അമ്പതോളം പേർ ബുദ്ധിമുട്ടുന്നതിൽനിങ്ങൾക്ക് നാണമില്ലെയെന്ന് അവർ ചോദിച്ചു.

പ്രതിഷേധങ്ങൾക്ക് ഒടുവിൽ 45 മിനിറ്റിന് ശേഷമാണ് സീറ്റ് മാറാൻ തയാറാണെന്ന് എം.പി അറിയിച്ചത്. എന്നാൽ ഭോപ്പാൽ വിമാനത്താവളത്തിലെത്തിയ ശേഷം എയർലൈൻസിനെതിരെ പരാതി നൽകി. ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നാണ് പ്രജ്ഞ സിംഗിന്റെ പരാതി. സംഭവത്തിൽ ഖേദിക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ‌ പ്രതികരിച്ചു.