ന്യൂഡൽഹി: വിവിധ മെസേജിംഗ് പ്ലാറ്റുഫോമുകളിലൂടെയും മറ്റും വ്യാപിക്കുന്ന അശ്ലീല വീഡിയോകൾ കേന്ദ്ര സർക്കാരിന് തലവേദനയാകാൻ തുടങ്ങിയിട്ട് കാലങ്ങളായി. സോഷ്യൽ മീഡിയ വഴിയുള്ള അശ്ലീല പ്രചാരണത്തിന് പരിഹാരം കാണുന്നതിനായി രാജ്യസഭ ഒരു പാനൽ(അഡ്ഹോക്ക് കമ്മിറ്റി) രുപീകരിക്കുകയും ചെയ്തിരുന്നു. പ്രധാനമായും രണ്ടു ആപ്പുകളാണ് അശ്ലീല വീഡിയോകൾ തടയാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങൾക്ക് തടത്തിയിടുന്നതെന്നാണ് ഈ പാനലിനോട് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച ഇവർ രാജ്യസഭാ പാനലിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
വാട്സാപ്പും, സിഗ്നൽ എന്ന് പേരുള്ള ഒരു ആപ്പ്ളിക്കേഷനുമാണ് ഈ ശ്രമങ്ങൾക്ക് തടസമാകുന്നത്. ഈ രണ്ട് ആപ്പുകളും നിയമപാല ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നും ഇവയിലെ എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായല്ല പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ടെക്സ്റ്റുകളും ഡാറ്റയും എൻക്രിപ്റ്റ് ചെയ്ത് കൈമാറാൻ സഹായിക്കുന്ന സോഫ്ട്‍വെയറാണ് സിഗ്നൽ.
പോണോഗ്രാഫി ഗുരുതര പ്രശ്നം തന്നെയാണെന്നും രാജ്യത്തെ യുവതയെയും കുട്ടികളെയുമാണ് അത് പ്രധാനമായും ബാധിക്കുന്നതെന്നും കണ്ടുകൊണ്ടാണ് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പാനൽ രൂപീകരിച്ചത്. 10 പാർട്ടികളിൽ നിന്നുമുള്ള 14 അംഗങ്ങളാണ് ഈ പാനലിൽ അംഗങ്ങളായിട്ടുള്ളത്. അശ്ലീല വീഡിയോകളുടെ പ്രചാരണത്തിന് കൂട്ടുനിൽക്കുന്നതിനോടൊപ്പം സ്വകാര്യതാ ലംഘനവും ഈ ആപ്പുകൾ നടത്തുന്നുണ്ടെന്നും പാനൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കമ്മിറ്റി ചെയർമാനും കോൺഗ്രസ് എം.പിയുമായ ജയറാം രമേശ് അടുത്ത മാസത്തോട് കൂടി റിപ്പോർട്ട് നൽകും. രൂപ ഗാംഗുലി, ജയ ബച്ചൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്.