thanka-anki

ശബരിമല : ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ശരണമന്ത്രങ്ങൾ മുഖരിതമാക്കിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ക്ഷേത്രത്തിന്റെ സ്‌​ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികൃതർ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ ദർശനത്തിന് വച്ചിരുന്നു.

ഇന്നലെ രാവിലെ ഏഴുമണിയോടെ പൊലീസിന്റെ അകമ്പടിയിൽ പുറത്തേക്ക് എഴുന്നള്ളിച്ച് ശബരിമല ക്ഷേത്ര മാതൃകയിൽ തയ്യാറാക്കിയ രഥത്തിൽ വച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26ന് ഉച്ചയോടെ പമ്പയിലെത്തും. പമ്പാ ഗണപതികോവിൽ വരെയാണ് രഥമെത്തുക.
ഉച്ചകഴിഞ്ഞ് മൂന്നിന് ഇവിടെ നിന്ന് സന്നിധാനത്തേക്ക് തങ്ക അങ്കി ശിരസിലേറ്റിയാണ് ഘോഷയാത്ര. വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. അവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 27ന് മണ്ഡലപൂജാ വേളയിലും തങ്കഅങ്കി ചാർത്തും. ഇന്നലെ ആറൻമുളയിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെമ്പർമാരായ എൻ.വിജയകുമാർ, കെ.എസ്. രവി, കമ്മിഷണർ ബി.എസ്.തിരുമേനി, മുൻ പ്രസിഡന്റ് എ. പത്മകുമാർ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, മുൻ എം.എൽ.എ മാലേത്ത് സരളാദേവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.