പനജി: പൗരത്വ നിയമ ഭേദഗതിക്കും എൻ.ആർ.സിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നിതിനിടെ പൗരത്വ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് ഗോവ മുഖ്യമന്ത്രി. ബി.ജെ.പി മുഖ്യമന്ത്രി തന്നെ ഇത്തരത്തിൽ പരസ്യമായി രംഗത്തു വന്നതോടെ സർക്കാർ വെട്ടിലായി. സംസ്ഥാനത്ത് പൗരത്വ രജിസ്റ്റർ ആവശ്യമേ ഇല്ല എന്നായിരുന്നു ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്തിന്റെ പ്രസ്താവന.
ഗോവയിലെ ആളുകൾ പൗരത്വ രജിസ്റ്ററിനെ ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗോവയിൽ പോർച്ചുഗീസ് പാസ്‌പോർട്ടുമായി ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ഭാവിയെ ബാധിക്കുന്നതാണ് ബി.ജെ.പി സഖ്യസർക്കാരിന്റെ നീക്കമെന്ന കോൺഗ്രസ് പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പോർച്ചുഗീസ് പാസ്‌പോർട്ട് ഉള്ളവർക്ക് ഇന്ത്യൻ പൗരത്വം നേടണമെങ്കിൽ അതിന് നിലവിൽ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എൻ.ആർ.സി ഗോവയിൽ നടപ്പാക്കേണ്ടതുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതിന്റെ ആവശ്യമേ ഇല്ല എന്നായിരുന്നു മറുപടി. അതേസമയം, എൻ.ആർ.സിക്ക് മുന്നോടിയായി നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നടപ്പാക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ഇക്കാര്യത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനോടകം പത്തോളം സംസ്ഥാനങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളവും പശ്ചിമ ബംഗാളുമായിരുന്നു കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറും പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.