hemnat-

റാഞ്ചി : ജാർഖണ്ഡിൽ തുടർഭരണമെന്ന ബി.ജെ.പിയുടെ സ്വപ്നം തല്ലിത്തകർത്ത്, വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാദൾ മഹാസഖ്യം അധികാരത്തിൽ. 81 സീറ്റുകളിൽ 47ഉം നേടി മഹാസഖ്യം ഭൂരിപക്ഷം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റാണ്.

30 സീറ്റ് നേടി മഹാസഖ്യത്തിലെ ജാർഖണ്ഡ് മുക്തിമോർച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒറ്റയ്ക്ക് മത്സരിച്ച ഭരണകക്ഷിയായ ബി.ജെ.പിക്ക് ലഭിച്ചത് 26 സീറ്റ് മാത്രം.

മഹാസഖ്യത്തെ നയിച്ച ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ശ്രമം ആരംഭിച്ചു. സോറൻ മഹാസഖ്യ സർക്കാരിൽ മുഖ്യമന്ത്രിയാവുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. നിലവിൽ പ്രതിപക്ഷ നേതാവായ സോറൻ മത്സരിച്ച് ധുംക, ബാർഹെത് എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു.

മുഖ്യമന്ത്രി രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും ബി.ജെ.പി അദ്ധ്യക്ഷൻ ലക്ഷമൺ ഗിലുവ ചക്രധർപൂരിലും പരാജയപ്പെട്ടത് പാർട്ടിക്ക് ഇരട്ടി പ്രഹരമായി. ബി.ജെ.പി വിമതനും മുൻ മന്ത്രിയുമായ സരയു റായ് ആണ് മുഖ്യമന്ത്രി രഘുബർ ദാസിനെ പരാജയപ്പെടുത്തിയത്. ഗോത്ര മേഖലകളിലും ബി.ജെ.പിക്ക് അടിപതറി.

എക്സിറ്റ് പോൾ ഫലവും ബി.ജെ.പിക്ക് എതിരായിരുന്നു. തൂക്കുസഭയാണെങ്കിൽ ജാർഖണ്ഡ് വികാസ് മോർച്ച, ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ എന്നീ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ഇന്നലെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ബി.ജെ.പി ചർച്ച ആരംഭിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി രഘുബർ ദാസ് പറയുകയും ചെയ്തു. പിന്നീട് മഹാസഖ്യം കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് , സർക്കാർ രൂപീകരണ ശ്രമത്തിൽ നിന്ന് ബി.ജെ.പി പിൻവാങ്ങിയത്. നേരത്തേ ബി.ജെ.പിയുടെ സഖ്യകക്ഷികളായിരുന്ന എ.ജെ.എസ്‌.യു, ജെ.വി.എം, ജെഡിയു എന്നീ പാർട്ടികളും ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. എ.ജെ.എസ്.യുവുമായുള്ള സഖ്യം പൊളിഞ്ഞത് ബി.ജെ.പിയുടെ പതനത്തിന് ആക്കം കൂട്ടി. ദേശീയതയും ആർട്ടിക്കിൾ 370 ഉം പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബി.ജെ.പി പ്രചാരണ വിഷയമാക്കിയപ്പോൾ പ്രാദേശിക വിഷയങ്ങൾ പ്രതിപാദിച്ച് ഹേമന്ത് സോറന് പിന്നിൽ മഹാസഖ്യം ഒന്നിച്ചുനിന്നു.

ജാർഖണ്ഡ്

സീറ്റ് നില

ആകെ സീറ്റ് -81

മഹാസഖ്യം -47

ജാർഖണ്ഡ്

മുക്തി മോർച്ച : -30

കോൺഗ്രസ് : - 14

ആർ.ജെ.ഡി- - 1

ബി.ജെ.പി : - 26

ജാർഖണ്ഡ്

വികാസ് മോർച്ച : - 3

ആൾ ജാർഖണ്ഡ്

സ്റ്റുഡന്റസ് യൂണിയൻ :- 3

മറ്റുള്ളവർ: - 4