റിയാദ്: ലോകത്തെ പിടിച്ചുലച്ച ജമാൽ ഖഷോഗി (59) വധക്കേസിൽ 5 പ്രതികൾക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. പ്രമുഖ മാദ്ധ്യമ പ്രവർത്തകനായിരുന്ന, സൗദി വംശജൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ സംബന്ധിക്കുന്ന പല ദുരൂഹതകളും ബാക്കിയാണ്.
മറ്റ് മൂന്നു പ്രതികൾക്കായി ആകെ 24 വർഷം തടവുശിക്ഷ വിധിച്ചതായും സൗദി ഔദ്യോഗിക ചാനലായ അൽ എക്ബരിയ റിപ്പോർട്ട് ചെയ്തു. കുറ്റക്കാരല്ലെന്നു കണ്ട് 3പേരെ വെറുതെ വിട്ടു. 11 പേരെയാണ് വിചാരണ ചെയ്തത്.
പ്രതികളിൽ ആരുടെയും പേര് പുറത്തുവിട്ടിട്ടില്ല. തടവിനു വിധിക്കപ്പെട്ട ഓരോരുത്തരും എത്ര വർഷം വീതം ശിക്ഷ അനുഭവിക്കണമെന്നതും വ്യക്തമല്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്കാണ് ശിക്ഷയെന്ന് പബ്ളിക് പ്രോസിക്യൂട്ടർ അറിയിച്ചു.. പ്രതികൾക്ക് അപ്പീലിന് അവസരമുണ്ട്.
2018 ഒക്ടോബർ രണ്ടിനാണ് വാഷിംഗ്ടൺ പോസ്റ്റിൽ മാദ്ധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖഷോഗി തുർക്കി തലസ്ഥാനമായ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊല്ലപ്പെട്ടത്. കാമുകി ഹാറ്റിസ് സെൻജിസുമായി വിവാഹം നടത്തുന്നതിനു മുന്നോടിയായി ആദ്യഭാര്യയിൽ നിന്നുള്ള വിവാഹമോചനത്തിന്റെ രേഖകൾ കെെപ്പറ്റാനായി കോൺസുലേറ്രിൽ പോയ ഖഷോഗി പുറത്തേക്കു വന്നില്ല. ഖഷോഗിയുടെ മൃതദേഹം എന്തു ചെയ്തെന്ന് ഇതുവരെ അറിവില്ല.
സൽമാൻ രാജകുമാരന്റെ മുതിർന്ന ഉപദേഷ്ടാവ് ആയിരുന്ന സൗദ് അൽ ഖത്താനിക്ക് സംഭവവുമായി ബന്ധമില്ലെന്ന് സൗദി അറ്റോർണി ജനറലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായി ശിക്ഷാവിധി പുറത്തുവിട്ട അൽ എക്ബരിയ ടിവി റിപ്പോർട്ട് ചെയ്തു. ഖഷോഗി കൊല്ലപ്പെടുമ്പോൾ ഇസ്താംബൂളിൽ സൗദി കോൺസൽ ജനറൽ ആയിരുന്ന മുഹമ്മദ് അൽ ഖതാനിയെ കുറ്റവിമുക്തനാക്കിയ കോടതി, അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
സൗദി രാജകുടുംബത്തെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ലോക രാജ്യങ്ങൾക്കു മുന്നിൽ സംശയത്തിന്റെ മുനയിലായിരുന്നു.