jharkhand

റാഞ്ചി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനെടുവിൽ കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം അധികാരത്തിലേക്ക്. ആകെയുള്ള 81 സീറ്റിൽ 47 ഇടത്ത് വ്യക്തമായി ഭൂരിപക്ഷത്തിൽ മഹാസഖ്യം മുന്നിട്ട് നിൽക്കുകയാണ്. അന്തിമ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.

വ്യക്തമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഇന്നുതന്നെ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെ.എം.എം അറിയിച്ചു. മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് അറിയിച്ചു. മുഖ്യമന്ത്രി രഘുബർ ദാസിന്റെ പരാജയവും ബി.ജെ.പിക്ക് തിരിച്ചടിയായി. ജാർഖണ്ഡിൽ ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിക്കുകയാണെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ ഹേമന്ത് പ്രതികരിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ആരുടെയും പ്രതീക്ഷകൾ തകരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം മറികടന്ന് മഹാസഖ്യം ഭൂരിപക്ഷം നേടിയെടുത്തു. ബി.ജെ.പിയുടെ സഖ്യകക്ഷികളായിരുന്ന എ.ജെ.എസ്‌.യു, എൽ.ജെ.പി, ജെ.ഡി.യു തുടങ്ങിയ പാർട്ടികൾ ഇത്തവണ ഒറ്റയ്ക്കാണു മത്സരിച്ചത്. തെക്കൻ ജാർഖണ്ഡിൽ മുന്നേറ്റമുണ്ടാക്കിയ കോണ്‍ഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചത് 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എ.ഐ.സി.സി സെക്രട്ടറി ആർ.പി.എൻ സിങ്ങായിരുന്നു.