ആലപ്പുഴ: മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരത്തിന്റെ

യാത്രാമൊഴി. പ്രത്യേകം അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസിൽ വൈകിട്ട് നാലരയോടെയാണ് എറണാകുളത്തുനിന്ന് ചാണ്ടിയുടെ ഭൗതിക ശരീരം ആലപ്പുഴയിലെത്തിച്ചത്.

ഇതിനു വളരെ മുമ്പുതന്നെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എറണാകുളത്തു നിന്നു വരുന്നവഴി നിരവധി കേന്ദ്രങ്ങളിൽ കാത്തുനിന്നവർ ആദാരാഞ്ജലി അർപ്പിച്ചു. മന്ത്റി എ.കെ. ശശീന്ദ്രനും മാണി സി. കാപ്പൻ എംഎൽ.എയും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു. ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ തയ്യാറാക്കിയ പ്രത്യേക പന്തലിന് സമീപം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മന്ത്രിമാരായ ഡോ. തോമസ് ഐസക്, പി. തിലോത്തമൻ, കെ.ടി. ജലീൽ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ഗവ. ചീഫ് വിപ്പ് കെ. രാജൻ, എ.എം. ആരിഫ് എം.പി, എം.എൽ.എ മാരായ എസ്. ശർമ്മ, ഷാനിമോൾ ഉസ്മാൻ, എ.എം. ഷംസീർ, ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.

സംസ്ഥാന സർക്കാരിന് വേണ്ടിയും ചീഫ് സെക്രട്ടറിക്കുവേണ്ടിയും ജില്ലാ ഭരണകൂടത്തിന് വേണ്ടിയും കളക്ടർ എം. അഞ്ജന പുഷ്പചക്രം അർപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ ഭൗതികദേഹവും വഹിച്ചുള്ള വാഹനം ആലപ്പുഴ -ചങ്ങനാശേരി റോഡുവഴി ജന്മസ്ഥലമായ ചേന്നംകരിയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ കൊണ്ടുപോയി. കേരളകൗമുദിക്ക് വേണ്ടി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ ചേന്നംകരിയിലെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.