ആര്?
സൗദി വംശജനായ മാദ്ധ്യമ പ്രവർത്തകൻ. അമേരിക്കൻ ദിനപത്രമായ വാഷിംഗ്ടൺ പോസ്റ്റിൽ കോളമിസ്റ്റ്, അൽ അറബ് ടിവി എഡിറ്റർ ഇൻ ചീഫ്, സൗദി ദിനപത്രമായ അൽ വതൻ മുൻ എഡിറ്റർ. 2017 സെപ്തംബറിൽ അമേരിക്കയിൽ അഭയം തേടി. തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ കൊല്ലപ്പെടുമ്പോൾ 59 വയസ്സ്.
എന്ത്?
2018 ഒക്ടോബർ രണ്ടിന് തുർക്കി തലസ്ഥാനമായ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലേക്ക് കയറിപ്പോയ ജമാൽ ഖഷോഗി പുറത്തേക്കു വന്നില്ല. കാമുകി ഹാറ്റിസ് സെൻജിസുമായി വിവാഹത്തിനുള്ള രേഖകൾ സമർപ്പിക്കാൻ പോയതായിരുന്നു ഖഷോഗി. കോൺസുലേറ്റിനു പുറത്ത് ഹാറ്റിസ് 11 മണിക്കൂർ കാത്തിരുന്നു. ഖഷോഗി മടങ്ങിപ്പോയെന്ന് സൗദി അധികൃതർ
സംഭവിച്ചത്?
ഒക്ടോബർ 15 ന് സൗദി- തുർക്കി ഉദ്യോഗസ്ഥർ ഇസ്താംബൂളിലെ കോൺസുലേറ്റിൽ പരിശോധന നടത്തി, ഖഷോഗി അവിടെവച്ച് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഖഷോഗിയെ കൊന്നത് വിഷം കുത്തിവച്ച്. കോൺസുലേറ്റിൽ വച്ചു തന്നെ മൃതദേഹം വെട്ടിനുറുക്കി പുറത്തു കടത്തിയെന്ന് നിഗമനം. ശരീരാവശിഷ്ടങ്ങൾ തുർക്കി സ്വദേശിയായ ഏജന്റിന്. അയാൾ അത് എന്തു ചെയ്തെന്ന് അജ്ഞാതം.
എന്തിന്?
സൗദിയിലെ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും കടുത്ത വിമർശകനായിരുന്നു ഷഗോഷി. സൗദി രാജകുടുംബത്തെയും സൗദി സർക്കാരിന്റെ നടപടികളെയും വിമർശിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ നിരന്തരം എഴുതി. ഖഷോഗി വധം ആസൂത്രണം ചെയ്തതും ഉത്തരവിട്ടതും മുഹമ്മദ് ബിൻ സൽമാൻ എന്ന് അമേരിക്കൻ ചാര സംഘടന.
സൗദി പറയുന്നത്
ഖഷോഗി കൊല്ലപ്പട്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞ സൗദി പിന്നീട് കഥ മാറ്റി. കോൺസുലേറ്റിൽ വച്ച് മൽപ്പിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്ന് 18 ദിവസത്തിനു ശേഷം ഔദ്യോഗിക അറിയിപ്പ്. കൊലപാതകത്തെക്കുറിച്ച് നേരത്തെ അറിവില്ലായിരുന്നെങ്കിലും, സൗദി കോൺസുലേറ്റിൽ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി 2019 സെപ്തംബറിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
ഇപ്പോൾ
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മുൻ ഉപദേഷ്ടാവ് സൗദ് അൽ ഖത്താനിക്ക് സംഭവവുമായി ബന്ധമില്ലെന്നും, ഇസ്താംബൂളിൽ സൗദി കോൺസൽ ജനറൽ ആയിരുന്ന മുഹമ്മദ് അൽ ഖതാനി നിരപരാധിയെന്നും സൗദി കോടതി വിധിച്ചതോടെ രാജകുടുംബവുമായി സംഭവത്തിനുള്ള എല്ലാ ബന്ധവും കോടതി ഫലത്തിൽ നിഷേധിച്ചു. കൊല നടത്താൻ പ്രതികൾക്ക് മുൻകൂട്ടി പദ്ധതി ഇല്ലായിരുന്നെന്നും കോടതി.