കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മുമായി യോജിച്ച് സമരത്തിനില്ലെന്ന് ആവർത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കോൺഗ്രസിന്റെ നിലപാട് പ്രസിഡന്റ് പറയുന്നതാണ്. അത് മാറ്റണമെങ്കിൽ കെ.പി.സി.സി യോഗം ചേർന്ന് തീരുമാനിക്കണം.
സി.പി.എമ്മിന്റേത് വഴിപാട് സമരം മാത്രമാണ്. ഫാസിസ്റ്റ് വിരുദ്ധസമരത്തിൽ സി.പി.എമ്മിന് ആത്മാർത്ഥതയില്ല. പിണറായി വിജയന് എന്നും മൃദുഹിന്ദുത്വ നിലപാടാണെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ സമരം ചെയ്തവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുമായി കേസെടുക്കുകയാണ് പിണറായി സർക്കാർ. യോഗി ആദിത്യനാഥും പിണറായി വിജയനും ഒരേ തൂവൽപക്ഷികളാണ്.
വി.ഡി.സതീശനെ പോലുള്ളവരുടെ വിമർശനത്തിന് മറുപടിയില്ല. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്.