ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രതീക്ഷകളെല്ലാം തെറ്റി ദയനീയ പരാജയമാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. ബി.ജെ.പിയുടെ പരാജയം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയിരിക്കുകയാണ്. രണ്ട് വർഷം മുന്നെ കാവി പുതച്ചിരുന്ന പല സംസ്ഥാനങ്ങളും ബി.ജെ.പിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ ബി.ജെ.പിയുടെ കൈവശം 13 സംസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. കൂടാതെ മറ്റ് ആറ് സംസ്ഥാനങ്ങളിലെ പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു.
ബി.ജെ.പി ആത്മവിശ്വാസത്തോടെ കണ്ടിരുന്ന ഹിന്ദി ഹൃദയഭൂമിയിൽ പാർട്ടിക്കേറ്റ തിരിച്ചിടി ഏറെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. മാത്രമല്ല 2017 ഡിസംബറിൽ ഇന്ത്യൻ ജനസംഖ്യയുടെ 70 ശതമാനവും ബി.ജെ.പി ഭരണത്തിന് കീഴിലായിരുന്നു. എന്നാൽ ഇപ്പോൾ അത് 70തിൽ നിന്ന് 40 ശതമാനത്തിന് താഴെയായി കുറഞ്ഞിരിക്കുകയാണ്. 2018 അവസാനത്തോടെയാണ് ബി.ജെ.പിയുടെ പതനത്തിന് ആരംഭം കുറിച്ചത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ കൈവിട്ടു, ഇതില്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.
ഈ വർഷം ഒക്ടോബറിൽ ബി.ജെ.പിക്ക് മഹാരാഷ്ട്രയിൽ അധികാരം നഷ്ടമായത്. ബി.ജെ.പിയുടെ കുതന്ത്രങ്ങളിലെ പാളിച്ചകളാണ് ഇതിന് കാരണം. ഉദ്ധവ് താക്കറെയുടെ ശിവസേന, കോൺഗ്രസ്-എൻ.സി.പി സഖ്യം അവിടെ സർക്കാരുണ്ടാക്കി. 2014ൽ ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ, അരുണാചൽ പ്രദേശ് എന്നിവ ഒറ്റയ്‌ക്കോ സഖ്യമായോ ഭരിച്ചിരുന്നു. മാത്രമല്ല 2018 സെപ്റ്റംബറിൽ ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങൾ തമിഴ്‌നാട്, കേരളം, കർണാടക, മിസോറം, പഞ്ചാബ്, ഒഡീഷ, പശ്ചിമബംഗാൾ, തെലങ്കാന എന്നിവ മാത്രമായിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് ബി.ജെ.പിയുടെ തകർച്ചയാണ് കണ്ടത്.
കശ്മീർവിഭജനം, 370-ാം വകുപ്പ് എടുത്തു കളയൽ. രാമക്ഷേത്ര നിർമ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബി.ജെ.പി ഉയർത്തിക്കാട്ടിയ അജൻഡകൾ നടപ്പിലായിട്ടും ജാർഖണ്ഡിലെ പരാജയം പാർട്ടിയെ ഞെട്ടിക്കുന്നതായിരുന്നു. അതേസമയം പൗരത്വ ബില്ലെനെതിരായ പ്രതിഷേധവും ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് തിരിച്ചടിയായി മാറുകയാണ്. അതിവൈകാരിക ദേശീയത ഉയർത്തിക്കാട്ടുന്ന ബി.ജെ.പിക്ക് പ്രധാനമായും തടസമാകുന്നത് പ്രദേശിക പാർട്ടികളുടെ തിരിച്ചുവരവാണ്.