തൃശൂർ: വാക്കുതർക്കത്തിനിടെ ഭാര്യാപിതാവിനെ ഓട്ടോറിക്ഷയിടിച്ച് തെറിപ്പിച്ച ശേഷം മർദ്ദിച്ച് കൊലപ്പെടുത്തി. പേരമംഗലം ചിറ്റിലപ്പിള്ളി വ്യാസപീഠം പന്നിയൂർ വീട്ടിൽ രാമു എന്ന രാമൻ(70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മരുമകൻ അവണൂർ പണിക്കപ്പറമ്പിൽ സുനിൽകുമാർ എന്ന സുനിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. വീണു പരിക്കേറ്റെന്ന് പറഞ്ഞ് വീട്ടുകാർ ആശുപത്രിയിലെത്തിച്ച രാമന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയതോടെയാണ് സംഭവം അപകടമല്ല കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സുനിൽകുമാർ ഞായറാഴ്ച രാത്രി വീട്ടിലെത്തുമ്പോൾ രാമൻ സുനിലിന്റെ ഭാര്യയെയും ഭാര്യാ മാതാവിനെയും മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് സംഭവത്തിന് തുടക്കം. തുടർന്ന് പുറത്തേക്ക് ഓട്ടോറിക്ഷയുമായി പോയി തിരിച്ചു വരുമ്പോൾ ചിറ്റിലപ്പിള്ളിയിലെ വീടിനു സമീപത്തുള്ള റോഡിൽ വച്ച് സുനിൽകുമാറിന്റെ നേരെ വടിയുമായി എത്തിയ രാമൻ വണ്ടിയിൽ അടിക്കുകയായിരുന്നു. ഇതോടെ സുനിൽ കുമാർ ഓട്ടോറിക്ഷ കൊണ്ട് ഇടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ചാരി നിറുത്തുകയായിരുന്നു.

തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി വടി കൊണ്ടും മർദ്ദിച്ചു. ഇതിനിടെ രാമന്റെ മകൾ സ്ഥലത്ത് ഓടിയെത്തുകയും തുടർന്ന് സുനിൽ കുമാറും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിക്കുകയുമായിരുന്നു. ഇതിനിടെ രാമൻ മരിച്ചെന്ന് അറിഞ്ഞതോടെ ആശുപത്രിയിൽ നിന്ന് മുങ്ങിയെങ്കിലും സി.ഐ: രാജേഷ് മേനോൻ, എസ്.ഐ: ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടി. നേരത്തെ നാടുവിട്ടുപോയ രാമൻ കുറച്ചുകാലം മുൻപാണ് വീട്ടിൽ മടങ്ങിയെത്തിയത്. എതാനും മാസങ്ങൾക്ക് മുമ്പാണ് അടിപിടി കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന രാമൻ പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതിന് പേരാമംഗലം പൊലീസിൽ പരാതി നിലനിൽക്കുന്നുണ്ട്.