train-time
Train Time

കോഴിക്കോട്: കൂട്ടത്തോടെ ട്രെയിൻ ബർത്തുകൾ ബുക്ക് ചെയ്യാനുള്ള നിയന്ത്രണങ്ങൾ ദക്ഷിണ റെയിൽവേ എടുത്തുകളഞ്ഞതോടെ യാത്രക്കാർക്ക് ആശങ്ക.നിയന്ത്രണങ്ങളില്ലാതായതോടെ

ചില ട്രാവൽ ഏജൻസികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ വിൽക്കുമെന്ന് യാത്രക്കാർ പറയുന്നു. നേരത്തേ മുപ്പതിൽ കൂടുതൽ ടിക്കറ്റുകൾ നൽകാനുള്ള അധികാരം റെയിൽവേ ഡിവിഷണൽ അസിസ്റ്റന്റ് കമേഴ്‌ഷ്യൽ മാനേജർമാർക്കും ഡിവിഷണൽ കമേഴ്‌ഷ്യൽ മാനേജർമാർക്കും സോണൽ ചീഫ് കമേഴ്‌ഷ്യൽ മാനേജർമാർക്കുമായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഇത് സ്റ്റേഷനുകളിലെ ചീഫ് റിസർവേഷൻ സൂപ്പർവൈസർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും നൽകി.അതായത് പ്രധാനപ്പെട്ട എല്ലാ സ്റ്റേഷനുകളിൽ നിന്നും ഇനി ബുക്ക് ചെയ്യാനാകും. നേരത്തേ സ്ളീപ്പർ ബർത്തുകളിൽ ബാക്കിയുള്ള 50 ശതമാനത്തിലും മറ്റ് ക്ളാസുകളിൽ 33 ശതമാനം സീറ്റുകളിലേക്കും മാത്രമേ കൂട്ടത്തോടെയുള്ള ബുക്കിംഗ് അനുവദിച്ചിരുന്നുള്ളു. എന്നാൽ ഇപ്പോൾ എല്ലാ ക്ളാസുകളിലും ഒഴിവുള്ള മുഴുവൻ ബർത്തുകളിലും കൂട്ട ബുക്കിംഗ് അനുവദിക്കും.ദൂരെയാത്ര പോകുന്ന വിദ്യാർത്ഥികൾക്കും സ്പോർട്സ് താരങ്ങൾക്കുമെല്ലാം ഇത് സൗകര്യപ്രദമാണെങ്കിലും ബുക്ക് ചെയ്യുന്നവവരുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കാതെ ടിക്കറ്റ് നൽകിയാൽ ചൂഷണം നടക്കുമെന്ന് യാത്രക്കാർ പറയുന്നു.മെയിൽ, എക്‌സ്‌പ്രസ്, സൂപ്പർ എക്‌സ്‌പ്രസ്,ഗരീബ് രഥ് , രാജധാനി, ദുരന്തോ, സ്പെഷ്യൽ ട്രെയിനുകൾ തുടങ്ങി എല്ലാ ട്രെയിനുകളിലും കൂട്ട ബുക്കിംഗ് സൗകര്യമുണ്ട്.

ദുരുപയോഗം ഇങ്ങനെ

വിവാഹ പാർട്ടികൾ, സ്പോർട്സ് ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള ടീമുകൾ, കോളേജിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കായുള്ള വിനോദ യാത്രകൾ തുടങ്ങിയവയ്ക്കാണ് കൂട്ട ബുക്കിംഗ് അനുവദിക്കുക. ബുക്കിംഗിന്റെ സമയത്ത് നൽകുന്ന യാത്രക്കാരുടെ ലിസ്റ്റിൽ മാറ്റം വരുത്താൻ അവസരമുണ്ട്. ഈ വ്യവസ്ഥ കരിഞ്ചന്തക്കാർ ദുരുപയോഗം ചെയ്ത് അവർ കൂടുതൽ വിലയ്ക്ക് റിസർവേഷൻ ടിക്കറ്റ് വിൽക്കും.ബുക്ക് ചെയ്യാൻ വരുന്ന ആളിന്റെ ഐ.ഡി കാർഡ് മാത്രമേ റെയിൽവേ പരിശോധിയ്ക്കാറുള്ളു. ബാക്കിയുള്ളവരുടെ പേര് മാത്രം നൽകിയാൽ മതിയാകും.

പഴയ വ്യവസ്ഥ

മുപ്പതിൽ കൂടുതൽ ടിക്കറ്റുകൾ നൽകാനുള്ള അധികാരം റെയിൽവേ ഡിവിഷണൽ അസി.കമേഴ്‌ഷ്യൽ മാനേജർമാർക്കും ഡിവിഷണൽ കമേഴ്‌ഷ്യൽ മാനേജർമാർക്കും സോണൽ ചീഫ് കമേഴ്‌ഷ്യൽ മാനേജർമാർക്കും

 സ്ളീപ്പർ ബർത്തുകളിൽ ബാക്കിയുള്ള 50 ശതമാനത്തിലും മറ്റ് ക്ളാസുകളിൽ 33 ശതമാനത്തിലും മാത്രമേ കൂട്ടത്തോടെയുള്ള ബുക്കിംഗ് അനുവദിക്കാൻ പാടുള്ളു.ഉദാഹരണത്തിന് കൂട്ട ബുക്കിംഗ് സമയത്ത് ട്രെയിനിൽ 400 സ്ളീപ്പർ ബർത്തുകളേ ബാക്കിയുള്ളെങ്കിൽ പരമാവധി 200 ബർത്തുകളിൽ മാത്രമെ കൂട്ട ബുക്കിംഗ് അനുവദിക്കൂ.

രാവിലെ പത്തിന് ശേഷമേ കൂട്ട ബുക്കിംഗ് അനുവദിക്കൂ.

പുതിയ വ്യവസ്ഥ

മുപ്പതിൽ കൂടുതൽ ടിക്കറ്റുകൾ നൽകാനുള്ള അധികാരം സ്റ്റേഷനുകളിലെ ചീഫ് റിസർവേഷൻ സൂപ്പർവൈസർക്കും സ്റ്റേഷൻ മാസ്റ്റർക്കും.

എല്ലാ ക്ളാസുകളിലും ഒഴിവുള്ള മുഴുവൻ ബർത്തുകളിലും കൂട്ട ബുക്കിംഗ് അനുവദിക്കും.

രാവിലെ ഒമ്പത് മുതൽ കൂട്ടബുക്കിംഗ് അപേക്ഷ സ്വീകരിക്കും.

.

റെയിൽവേ പറയുന്നത്

യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടിയാണ് ഇത്തരമൊരു പരിഷ്കാരം. കൂട്ട ബുക്കിംഗിന് അപേക്ഷ നൽകുന്ന സമയത്ത് ബർത്ത് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതികളുണ്ടായിരുന്നു. കഴിഞ്ഞമാസം 17 മുതലാണ് പുതിയ പരിഷ്കാരം നിലവിൽ വന്നത്.ഇത് പരീക്ഷണാർത്ഥം ആറ് മാസത്തേക്കാണ്.പരാതികൾ ഉണ്ടെങ്കിൽ പിൻവലിക്കും.