jio-

ന്യൂഡൽഹി: മൊബൈൽ,​ ഡാറ്റ നിരക്കുകളിലെ വർദ്ധനയ്ക്ക് ശേഷം പുതുവർഷത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഗംഭീര ഓഫറുമായി റിലയൻസ് ജിയോ. '2020 ഹാപ്പി ന്യൂ ഇയർ ഓഫർ ' എന്ന പേരിൽ പുറത്തിറക്കിയ പുതിയ പ്ലാൻ അനുസരിച്ച് വർഷം മുഴുവൻ പരിധിയില്ലാത്ത സേവനങ്ങളാണ് ഉപഭോക്താവിന് ലഭ്യമാക്കുക. 2020 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച മുതൽ ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. സ്മാർട്ട് ഫോൺ,​ ജിയോ ഉപയോക്താക്കൾ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുതിയ പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പരിധിയില്ലാതെയുളള വോയ്‌സ്‌കോളും 1.5 ജി.ബി ഡേറ്റയും എസ്.എം.എസ് സേവനവുമാണ് ലഭിക്കുക. ഒരു വർഷമാണ് ഇതിന്റെ കാലാവധിയെന്ന് കമ്പനി അറിയിച്ചു.


2020 രൂപ അടച്ച് ജിയോ ഫോണും മറ്റു സേവനങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ് മറ്റൊരു രീതി. പരിധിയില്ലാത്ത വോയ്‌സ് കോൾ ഇതിന്റെയും പ്രത്യേകതയാണ്. എന്നാൽ പ്രതിദിനം 0.5 ജിബി ഡേറ്റ മാത്രമേ ലഭിക്കു. എസ്.എം.എസ് സേവനമാണ് മറ്റൊരു സവിശേഷത. ഒരു വർഷം വരെയാണ് ഇതിന്റെയും കാലാവധി. ഇതര നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുമ്പോൾ വോയ്‌സ് കോളിന് പരിധി നിശ്ചയിക്കുമെന്നും കമ്പനി വ്യക്തമാക്കി.