തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ നാളെ ക്രിസ്മസ് ആഘോഷിക്കും. ഒരു പകൽ മാത്രം ബാക്കിനിൽക്കെ ക്രിസ്മസിനെ വരവേൽക്കാൻ വിശ്വാസികളും നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ വലുതും ചെറുതുമായ പള്ളികളിലെല്ലാം ക്രിസ്മസ് നക്ഷത്രങ്ങളും വർണവിളക്കുകളും നിറഞ്ഞുകഴിഞ്ഞു. ഇന്ന് രാത്രിയും നാളെ പുലർച്ചെയുമായി ദേവാലയങ്ങളിൽ കുർബാനയും പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും. കുർബാനകൾക്ക് വിവിധ മതമേലദ്ധ്യക്ഷന്മാർ മുഖ്യകാർമികത്വം വഹിക്കും. നഗരത്തിലെ പള്ളികളിലും ക്രിസ്മസിനോടനുബന്ധിച്ച് ആഘോഷങ്ങളും പ്രത്യേക പ്രാർത്ഥനകളും നടക്കും.
പാതിരാ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ, പട്ടം സെന്റ് മേരീസ് കത്തീഡ്രൽ, എൽ.എം.എസ് മെറ്റീർ മെമ്മോറിയൽ ചർച്ച്, വെള്ളയമ്പലം സെന്റ് ഗ്രിഗോറിയോസ്, വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി എന്നിവിടങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ന് രാത്രി 8ന് ക്രിസ്മസ് തിരു കർമങ്ങൾക്ക് തുടക്കമാകും. തീ ഉഴലിച്ച ശുശ്രൂഷയും പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഉണ്ടാകും. നാളെ രാവിലെ 6.15നും വിശുദ്ധ കുർബാനയുണ്ടാകും. സെന്റ് ജോസഫ്സ് പള്ളിയിൽ ഇന്ന് രാത്രി 11 ഓടെ ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ പുലർച്ചെ വരെ നീളും.
ഗ്രാമ, നഗരങ്ങളിൽ പുൽക്കൂടുകളൊരുക്കി ദേവന്റെ പിറവി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. കച്ചവടകേന്ദ്രങ്ങളിലും ക്രിസ്മസിന്റെ വരവറിയിച്ചുള്ള തിരക്കാണ്. റെഡിമെയ്ഡ് പുൽക്കൂടിനും വർണവസ്തുക്കൾക്കും കേക്കുകൾക്കും ആവശ്യക്കാരേറെയാണ്. ന്യൂ ഇയർ വരെ മധുരപലഹാര വിപണി സജീവമായിരിക്കും എന്നാണ് കച്ചവടക്കാർ പറയുന്നത്.