തിരുവനന്തപുരം: കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചതറിഞ്ഞ് നെടുവീർപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്, ഇങ്ങ് അനന്തപുരിയിലും നിങ്ങളെ കാത്തിരിക്കുന്നത് കാലൻ കുഴികൾ നിറഞ്ഞ റോഡുകൾ തന്നെ. പലരും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നുവെന്ന് മാത്രം. പക്ഷേ കുഴിയിൽ വീണ് ആശുപത്രിയിലാകുന്നവർ നിരവധിയാണ്.
കൊച്ചിയിലെ അപകടമരണം വിവാദമായതോടെ തലസ്ഥാനത്തും കുഴിയടയ്ക്കൽ മഹാമഹം നടക്കുമെന്ന് കരുതിയെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴും കുളമായി കിടക്കുന്ന ഇവയുടെ വലിപ്പം ദിവസം കഴിയുന്തോറും കൂടുകയാണ്. ഇവയൊന്നും അടുത്തകാലത്ത് നന്നാക്കുന്ന ലക്ഷണവുമില്ല. ഉപതിരഞ്ഞെടുപ്പിന് ശേഷം വട്ടിയൂർക്കാവിലെ ചില റോഡുകൾ നന്നാക്കിയിരുന്നു. പൂജപ്പുര റൗണ്ടിലെ കുഴികളെ കുറിച്ചുള്ള 'സിറ്റികൗമുദി" റിപ്പോറിട്ടിനെ തുടർന്ന് ഇവിടവും ടാറിട്ടു.
ശ്രീപദ്മനാഭൻ തുണ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ ടാറിംഗ് അനന്തമായി നീളുകയാണ്. മഴ കാരണം പണി നീളുകയാണെന്നാണ് വിശദീകരണം. എന്നാലിപ്പോൾ മഴയില്ല. വെട്ടിമുറിച്ച കോട്ടയിൽ നിന്നുമുള്ള റോഡും പടിഞ്ഞാറെ നടയിലെ റോഡും കുഴികളാൽ സമൃദ്ധമാണ്. സമീപത്തെ ശ്രീവരാഹത്തെ റോഡുകളും ഇങ്ങനെ തന്നെ. ശ്രീവരാഹത്തു നിന്ന് പടിഞ്ഞാറെ നട റോഡിലേക്ക് തിരിയുന്ന ഭാഗത്തുമുണ്ട് അപകടക്കുഴികൾ.
കരമന നിന്നുള്ള ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ബൈപാസിലേക്കു പോകുന്നത് ശ്രീവരാഹം വഴിയാണ്. ശ്രീവരാഹം പാലത്തിന് സമീപത്തെ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റവരുടെ എണ്ണം നാട്ടുകാർക്കുപോലും നിശ്ചയമില്ല. രണ്ടാഴ്ച മുമ്പ് സ്കൂട്ടറിൽ പോയ രണ്ടു പെൺകുട്ടികൾ ഇവിടെ തെറിച്ചു വീണിരുന്നു. ആ സമയം ലോറികളൊന്നും വരാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
കാറുൾപ്പെടെയുള്ള വാഹനങ്ങളുടെ അടിഭാഗം ഇളക്കുന്ന കുഴികളാണ് പാലത്തിനടുത്തും സമീപത്തെ സുബാഷ് നഗർ ഭാഗത്തെ റോഡിലുമുള്ളത്. പാലത്തിനടുത്തുള്ള കുഴിയിൽ കൂടുതൽ പേർ അപകടത്തിൽ പെടാതിരിക്കാൻ സമീപവാസികൾ മണ്ണും കല്ലുമൊക്കെ ഇടുന്നുണ്ട്.
ആദ്യം ടാറിടൽ, പിന്നാലെ വെട്ടിപ്പൊളിക്കൽ
ടാറിട്ടതിന് പിറ്റേന്ന് തന്നെ റോഡ് വെട്ടിപ്പൊളിക്കുന്ന പതിവ് തലസ്ഥാനത്തെ പതിവാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശാസ്തമംഗലം- വട്ടിയൂർക്കാവ് റോഡ്. ഇവിടം ടാറിട്ടിട്ട് ദിവസങ്ങളേ ആയുള്ളൂ. പക്ഷേ ഓടയുടെ അറ്രക്കുറ്റപണിക്കായി ഇരുവശങ്ങളും ഇപ്പോൾ കുഴിച്ചിട്ടിരിക്കുകയാണ്. കുഴിയിൽ വീഴാതിരിക്കാൻ നൂലുപോലുള്ള ഒരു ചെറുകയർ കെട്ടിയിട്ടുള്ളതാണ് ആകെയുള്ള 'സുരക്ഷ". ടാറിംഗിന് മുമ്പ് ഓടപ്പണി തീർത്തിരുന്നെങ്കിൽ റോഡ് പൊളിക്കേണ്ടി വരില്ലായിരുന്നു.
കുളമായ തിരുവല്ലം - കിഴക്കേകോട്ട റോഡ്
നഗരത്തിലെത്തുന്ന വിദേശ സഞ്ചാരികളുൾപ്പെടെയുള്ളവർ കോവളത്തേക്ക് പോകുന്ന തിരുവല്ലം വരെയുള്ള റോഡിപ്പോൾ കുഴികളുടെ കൂട്ടമാണ്. അട്ടക്കുളങ്ങര, മണക്കാട്, കമലേശ്വരം, പരവൻകുന്ന്, പഴഞ്ചിറ, അമ്പലത്തറ തുടങ്ങി എല്ലായിടത്തും കുഴികളാണ്. സ്കൂൾ കുട്ടികളുൾപ്പെടെ പോകുന്ന തിരക്കേറിയ ഈ റോഡിനെ അവഗണിക്കുന്നതിനെതിരെ ജനരോഷം പുകയുകയാണ്.
അമ്പലത്തറ ജംഗ്ഷനിലും കമലേശ്വരത്തിന് സമീപത്തും കൂറ്റൻ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. ഇവിടത്തെ കുഴികളിൽ വീഴാതെ ഓടിക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഒച്ചിഴയും പോലെയാണ് ബസുകൾ ഇതുവഴി പോകുന്നത്. അല്പം വേഗത കൂട്ടിയാൽ വണ്ടി കുഴിയിൽ വീഴും.
കൈമനം - തിരുവല്ലം റോഡും തകർന്ന നിലയാണ്. കരുമം ഭാഗത്താണ് കുഴികൾ ഏറെ അപകടകരമായി കിടക്കുന്നത്. ഇടയ്ക്ക് അറ്റകുറ്റപ്പണി ചെയ്ത ഇടങ്ങൾ പോലും വീണ്ടും പൊട്ടിപ്പൊളിഞ്ഞു. മരുതൂർക്കടവ് പാലത്തിന് സമീപത്തെ റോഡിലുമുണ്ട് ധാരാളം കുഴികൾ.