കുളത്തൂർ: ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന അക്ഷരമുറ്റത്തേക്ക് അമ്പത് വർഷങ്ങൾക്ക് ശേഷം അവരെത്തിയപ്പോൾ ലഭിച്ചത് മറക്കാനാവാത്ത നിമിഷങ്ങൾ. പള്ളിത്തുറ ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ മെഗാ സംഗമമാണ് ഓർമ്മകളുടെ സംഗമവേദിയായി മാറിയത്.
1866ൽ ക്രിസ്ത്യൻ മിഷനറിമാർ ഓലപ്പുരയിൽ തുടക്കം കുറിച്ച പള്ളിക്കൂടം പിൽക്കാലത്ത് വി.എസ്.എസ്.സിക്കായി കുടിയൊഴിപ്പിക്കലിന്റെ ഭാഗമായിട്ടാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്. 1964ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കൻഡറി സ്കൂളായും മാറി. പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിലെ ഇപ്പോഴത്തെ വിദ്യാർത്ഥികളും ഒത്തുചേർന്നതോടെ സ്കൂൾ മൈതാനം ഉത്സവാന്തരീക്ഷത്തിലായി.
' പള്ളിക്കൂടത്തിലേക്ക് വീണ്ടു" എന്ന പേരിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി മെഗാ സംഗമം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് കൗൺസിലറും അലുമ്നി അസോസിയേഷൻ പ്രസിഡന്റുമായ ജെറാൾഡ് ഡിസിൽവ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് രൂപീകരിച്ച ദിശ കരിയർ അക്കാഡമിയുടെ ഉദ്ഘാടനം സാമൂഹ്യ നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ നിർവഹിച്ചു. ചടങ്ങിൽ വി.എസ്.എസ്.സി ഡയറക്ടർ സോമനാഥൻ, കൗൺസിലർ പ്രതിഭാ ജയകുമാർ, അതിരൂപത സഹായമെത്രാൻ ഫാ. ക്രിസ്തുദാസ്, സ്കൂൾ മാനേജർ ഫാ. ലെനിൻ ഫെർണാണ്ടസ്, അലി സാബ്രിൻ, ഫാ. ഡയസൻ, സ്കൂൾ പ്രിൻസിപ്പൽ കനകദാസ്, എച്ച്.എം റീന ലൂയിസ്, പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ എച്ച്.പി. ഹാരിസൺ തുടങ്ങിയവർ സംസാരിച്ചു. മുൻ എച്ച്.എം ഐസക് ലോപസ് തുടങ്ങിയ മുഴുവൻ അദ്ധ്യാപകരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.