ന്യൂഡൽഹി : രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം വിചാരിച്ചതിലും രൂക്ഷമാണെന്ന മുന്നറിയിപ്പുമായി ഐ.എം.എഫ്. ഏഷ്യയിൽ അതിവേഗം വളരുന്ന സാമ്പത്തികവ്യവസ്ഥ സ്വന്തമാക്കിയ ഇന്ത്യയുടെ ഇപ്പോഴത്തെ അവസഥ അദ്ഭുതപ്പെടുത്തുന്നതാണെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. രാജ്യത്ത് നിക്ഷേപവും ഉപഭോഗവും കുറയുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഐ.എം.എഫിന്റെ വാർഷികഅവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കടുത്ത നടപടികളും സാമ്പത്തിക പരിഷ്‌കരണ പദ്ധതികളും ഉടൻ പ്രഖ്യാപിച്ചാൽ മാത്രമേ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാനാവു എന്നാണ് ഐ.എം.എഫ്. സർക്കാരിനു നൽകുന്ന മുന്നറിയിപ്പ്.
കടബാധ്യത കൂടിയ ഇപ്പോഴത്തെ അവസ്ഥയിൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾക്കായി പണം വൻതോതിൽ ചെലവഴിക്കുവാൻ ഇന്ത്യയ്ക്ക് പരിമതിയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഐ.എം.എഫ് അടക്കമുള്ള സാമ്പത്തിക ഏജൻസികൾ കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നതായി വിലയിരുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പഠനങ്ങളെ പാർലമെന്റിലടക്കം തള്ളിക്കളയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ബഡ്ജറ്റ് അവതരണത്തിനുശേഷം രാജ്യത്ത് വാഹനനിർമ്മാണ മേഖലയിലടക്കം വിൽപ്പനയിൽ വൻ മാന്ദ്യം നേരിട്ടിരുന്നു. വാഹന നിർമ്മാതാക്കൾ ഫാക്ടറികൾ പൂട്ടിയിട്ട് ഉത്പാദനം കുറയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. തുടർന്ന് കേന്ദ്രം കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതടക്കം നിരവധി ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതേ കാലയളവിൽ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടിയതും ജനത്തിന്റെ ഉപഭോഗ പരിധിക്ക് തടയിട്ടു. നോട്ട് നിരോധനവും, ജി.എസ്.ടി നടപ്പിലാക്കിയതിലെ പിഴവുകളുമാണ് രാജ്യത്തെ ഇന്നത്തെ സാമ്പത്തിക ദുരവസ്ഥയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധരും, പ്രതിപക്ഷവും വിലയിരുത്തുന്നു. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗീതാ ഗോപിനാഥ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ ഐ. എം.എഫ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.1 ശതമാനമായി കുറച്ചിരുന്നു. അടുത്തമാസം ഐ. എം.എഫ് പുറത്തുവിടുന്ന ലോക സാമ്പത്തിക റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് ഇനിയും കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജനത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പ്രധാന വായ്പാ നിരക്ക് അഞ്ച് തവണ ഈ വർഷം കുറച്ചിരുന്നു. എന്നിട്ടും സാമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ചലനങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഐ.എം.എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.