തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ ഒരാൾക്കും പരിഭ്രാന്തിവേണ്ടെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. സമരത്തിന് അധികംകാലം ആയുസുണ്ടാകില്ലെന്നും സമരത്തിന് യുക്തിയോ ന്യായമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സമരം നടത്തുന്നവർ ഒറ്റപ്പെടുമെന്നും കുമ്മനം വ്യക്തമാക്കി. നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുമെന്നും മുൻ ബി.ജെ.പി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
"അക്രമവും കൊള്ളിവെപ്പും നടത്തുന്നവരെ അതേ നാണയത്തിൽ നേരിടാനല്ല കേന്ദ്രസർക്കാർ തയ്യാറായത്. പാർട്ടി എല്ലാം നിരീക്ഷിച്ച് സമാധാനപരമായി നേരിടുകയാണ് ചെയ്തത്. കള്ളപ്രചാരണങ്ങളെ തടയാൻ വ്യാപകമായി ബോധവത്കരണത്തിന് ശ്രമിക്കും. ഇതിന് കർമപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ആയിരം യോഗങ്ങൾ നടത്തും. നിയമത്തിന്റെ പകർപ്പ് നൽകും. സത്യാവസ്ഥ തുറന്നുപറയും. തെറ്റിദ്ധാരണ മാറ്റും. നിരപരാധികളെ പ്രക്ഷോഭത്തിന്റെ കെണിയിൽ വീഴ്‌ത്തിയ കുതന്ത്രങ്ങൾ തുറന്നുകാട്ടും. കേരളത്തിലും ജില്ലാ കേന്ദ്രങ്ങളിൽ ജനജാഗ്രതാ സമ്മേളനങ്ങളുണ്ടാകും. മണ്ഡലങ്ങളിൽ ബോധവത്കരണ പദയാത്രകളും നടത്തും."-ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കുമ്മനം പറഞ്ഞു.
കള്ളപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെ കാണണം. പച്ചക്കള്ളവും നുണകളും പ്രചരിപ്പിക്കുകയാണ്. സത്യത്തിന്റെയും ധർമത്തിന്റെയും നീതിയുടെയും ഭാഗത്താണ് കേന്ദ്രസർക്കാർ. സാമൂഹികനീതിയും സാമൂഹികസമത്വവും ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് നിയമത്തെപ്പറ്റി ഒരാൾക്കും പരിഭ്രാന്തിവേണ്ട. സമരത്തിന് അധികംകാലം ആയുസുണ്ടാകില്ല. സമരത്തിന് യുക്തിയോ ന്യായമോ ഇല്ല. ശരിയുമില്ല. അതിനാൽ, സമരം നടത്തുന്നവർ ഒറ്റപ്പെടും. മുസ്‌ലിംലീഗ് വെറുതേ ഭയപ്പെടുകയാണ്. മതേതര ഭാഗത്താണ് ലീഗിന്റെ സ്ഥാനമെന്നും കുമ്മനം വ്യക്തമാക്കി.