സൂര്യഗ്രഹണം ഒരു മോശം സംഭവമാണോ? ഒരിക്കലുമല്ല. പ്രകാശം ചൊരിഞ്ഞിരുന്ന സൂര്യൻ പെട്ടെന്നു മറയുന്നതു കണ്ട് പ്രാചീന മനുഷ്യർ ഈ പ്രതിഭാസത്തെ ഭയഭക്തി ബഹുമാനത്തോടെ കണ്ടു. പിന്നീട് ഇതെങ്ങനെ സംഭവിക്കുന്നു എന്നു പിടികിട്ടിയതോടെ മറ്റു ജ്യോതിർപ്രതിഭാസങ്ങളെക്കുറിച്ച് അന്വേഷിച്ച് അനുമാനങ്ങളിലെത്തി. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് സ്ഥിരീകരിച്ചിട്ട് വെറും അഞ്ചു നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. ചന്ദ്രൻ ഭൂമിയെ ദീർഘവൃത്താകൃതിയിൽ ചുറ്റുന്നുവെന്നും ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങൾ സൂര്യനെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചുറ്റുന്നുവെന്നും അറിഞ്ഞിട്ട് വെറും മൂന്നു നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. സമ്പൂർണ സൂര്യഗ്രഹണവും, ഭാഗികഗ്രഹണവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വർഷത്തിന്റെ നിശ്ചിത വേളകളിൽ ദൃശ്യമാകുന്നു.
ഡിസംബർ 26നു രാവിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ വലയ ഗ്രഹണ രൂപത്തിലും മറ്റ് ജില്ലകളിൽ ഭാഗിക ഗ്രഹണമായും ഈ പ്രതിഭാസം ദൃശ്യമാകും. ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുന്നതു കൊണ്ട് സൗരയൂഥത്തെ മനസിലാക്കാൻ കിട്ടുന്ന അസുലഭാവസരമാണിത്.
ഏകദേശം 14.7കോടി കി.മീ ആണ് വലയ ഗ്രഹണ സമയത്ത് സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം. സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 384000 കി.മീ ദൂരത്തായിരിക്കും. ചന്ദ്രൻ അടുത്തായിരിക്കുമ്പോൾ സൂര്യനും ഭൂമിയും ചന്ദ്രന്റെ നേർരേഖയിൽ വന്നാൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. എന്നാൽ ചന്ദ്രൻ അല്‌പം അകലെയാകുമ്പോൾ ചന്ദ്രബിംബം പൂർണമായും സൂര്യനെ മറയ്‌ക്കുന്നില്ല.
അതിനാൽ വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ ദൃശ്യമാകും. വെളുത്തവാവിനും അമാവാസിക്കും ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരാറുണ്ട്. എല്ലാ വെളുത്തവാവിനും ചന്ദ്രഗ്രഹണവും അമാവാസിക്കും സൂര്യഗ്രഹണവും ഉണ്ടാകാത്തതിനു കാരണം ചന്ദ്രന്റെ ഭ്രമണതലം സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ ഭ്രമണതലത്തെ അപേക്ഷിച്ച് അഞ്ചു ഡിഗ്രി ചരിഞ്ഞിരിക്കുന്നതു
കൊണ്ടാണ്. സൂര്യൻ എന്ന ഇടത്തരം നക്ഷത്രം പ്രകാശം പുറപ്പെടുവിക്കുന്നതിനു പിന്നിൽ അണുകേന്ദ്ര സംലയനമാണ്. ഹൈഡ്രജൻ ഹീലിയമാകുന്ന പ്രവൃത്തിയിൽ ദശലക്ഷക്കണക്കിനു ടൺ സൗരകണങ്ങൾ സൗരയൂഥത്തിൽ പരക്കുന്നു. ഇടയ്ക്കിടയ്ക്ക് സൂര്യനിൽ പൊട്ടിത്തെറികളും ഉണ്ടാകുന്നു. ഈ വേളകളിൽ കണപ്രവാഹം കൂടുതലായിരിക്കും.
സൂര്യന്റെ ഉപരിതലത്തെക്കാൾ ചൂട് പുറംഭാഗത്തെ കോറോണയിലാണ്. അതിനു മുകളിൽ സൂര്യന്റെ അന്തരീക്ഷ ഭാഗമായ ക്രോമോസ്ഫിയറും പിന്നെ കോറോണയുമാണ്. 5777 കെൽവിനാണ് നമുക്കു ദൃശ്യമായ ശോഭയേറിയ ഉപരിതലഭാഗമായ ഫോട്ടോസ്‌ഫിയറിന്റെ താപനില. കൊറോണയുടെ വിവിധ പാളികൾക്ക് പത്തുലക്ഷം മുതൽ 50ലക്ഷം കെൽവിൻ വരെ താപനില കാണപ്പെടും.
സമ്പൂർണ സൂര്യഗ്രഹണ സമയത്ത് കൊറോണ മാത്രമായി ദൃശ്യമാകും. എന്നാൽ വലയ സൂര്യഗ്രഹണ സമയത്ത്
ഭാഗികമായി മാത്രവും. ചന്ദ്രൻ പ്രകാശിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് സൗരകിരണങ്ങൾ ചാന്ദ്രോപരിതലത്തിൽ പ്രതിഫലിക്കുന്നതാണ്. അതുപോലെ ചന്ദ്രനിൽ നിന്നു നോക്കിയാൽ ഭൂമിയും പ്രകാശപൂരിതമായി കാണപ്പെടും. മറ്റു ഗ്രഹങ്ങളും ഇപ്രകാരമാണ് പ്രഭ ചൊരിയുന്നതായി നാം കാണുന്നത്. ഗ്രഹണസമയത്ത് സൂര്യന്റെ തളിക കടന്ന് ചന്ദ്രൻ ചലിക്കുമ്പോൾ പെട്ടെന്ന് അൾട്രാവയലറ്റ് രശ്മികളുടെ പ്രവാഹമുണ്ടാകും. ഈ രശ്മികൾ നേത്രങ്ങളെ ബാധിക്കുന്നത് കുറച്ചു മണിക്കൂറുകൾക്ക് നാമറിയുകയേ ഇല്ല. സൂര്യഗ്രഹണം നഗ്നനേത്രങ്ങളാൽ കാണാൻ ഒരിക്കലും ശ്രമിക്കരുത്. വെൽഡിങ് ഗ്ലാസ് നമ്പർ 14, പിൻഹോൾ കാമറ എന്നിവ ഉപയോഗിക്കാം. അർധനിമിഷത്തേയ്ക്കു മാത്രമേ വെൽഡിങ്ങ് ഗ്ലാസിലൂടെ സൂര്യനെ നിരീക്ഷിക്കാൻ പാടുള്ളൂ. തുടർച്ചയായി വെൽഡിങ്ങ് ഗ്ലാസിലൂടെയും നിരീക്ഷിക്കരുത്.
ഗ്രഹണക്കണ്ണടകളുടെ ഗുണനിലവാരം സംശയകരമാണ് , അതിനാൽ അനുയോജ്യമല്ല. മൈലാർ ഫിലിം ഉപയോഗിച്ചുള്ള ഗ്രഹണക്കണ്ണടകൾ സുരക്ഷിതമല്ല. അൾട്രാവയലറ്റിനെ ഫലപ്രദമായി തടയുന്നുമില്ല. ഉഷ്ണമേഖലാ പ്രദേശമായതിനാൽ സോളാർ ഫിൽറ്ററുകളിലും ഗ്രഹണക്കണ്ണടകളിലും നേരിയ ചുളിവുകളും കീറലുകളും ഉണ്ടാകാനിടയുണ്ട്.അൾട്രാവയലറ്റ് നേത്രങ്ങളിലെത്തി ഹാനി വരുത്താൻ ഇതുമതി. ബൈനോക്കുലർ, ടെലിസ്‌കോപ്പ്, കാമറ തുടങ്ങിയവ ഉപയോഗിച്ച് ഒരുകാരണവശാലും ഗ്രഹണം വീക്ഷിക്കരുത്.
ഇവയുപയോഗിച്ചാൽ നേത്രങ്ങളിലെത്തുന്ന കേന്ദ്രീകരിച്ച സൂര്യപ്രകാശം സെക്കൻഡിനുള്ളിൽ നേത്രകോശങ്ങളെ നശിപ്പിക്കും.
സൺഗ്ലാസുകൾ അൾട്രാവയലറ്റിന്റെ 20 ശതമാനം കടത്തി വിടുന്നതിനാൽ അവയും ഗ്രഹണം വീക്ഷിക്കാൻ
യോഗ്യമല്ല.
രശ്മികൾ നേത്രങ്ങളിലെത്തിയാൽ ചൂടുകൂടി സോളാർ റെറ്റിനോപ്പതി, ഫോട്ടോ കൊയാഗുലേഷൻ തുടങ്ങിയവ
ഉണ്ടാകാൻ ഇടയുണ്ട്. ശാസ്ത്രം ഇത്രയും പുരോഗമിച്ച വേളയിൽ സുരക്ഷിത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഈ ജ്യോതിശാസ്ത്ര
പ്രതിഭാസം കാണുക. കേരളത്തിൽ അടുത്ത വലയ സൂര്യഗ്രഹണത്തിന് 2031, മെയ് 21 വരെ കാത്തിരിക്കേണ്ടി വരും.