narendramodi

ന്യൂഡൽഹി: 2014ല്‍ മോദി തരംഗത്തിലാണ് ജാര്‍ഖണ്ഡിൽ ബി.ജെ.പി അധികാരത്തിലേറിയത്. 37 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടി എ.ജെ.എസ്യുവിന്‍റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇത്തവണയും ഭരണ തുടര്‍ച്ച സ്വപ്നം കണ്ടായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍. എന്നാൽ,​ നേട്ടം കൊയ്യാനായില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ പിന്നിലാക്കി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.

ഇതോടെ ജെ.എം.എമ്മിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി. 27 സീറ്റുകളില്‍ ബി.ജെ.പിക്ക് ഒതുങ്ങേണ്ടി വന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വരെ കനത്ത പരാജയമാണ് നേരിട്ടത്. ഇതോടെ മഹാസഖ്യം ജാര്‍ഖണ്ഡില്‍ അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം രണ്ട് മാസം മുമ്പ് മഹാരാഷ്‌ട്രയും ഇപ്പോൾ ജാർഖണ്ഡും ബി.ജെ.പിക്ക് നഷ്‌ടമായത്. ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടിയുടെ സഹായം ലഭിച്ചതിനാൽ മാത്രം കഷ്‌ടിച്ച് ഭരണം നിലനിറുത്താനായി.

hemant-soren

എന്നാൽ,​ മറ്റൊരു ശ്രദ്ധേയമായ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം തന്നെയാണ്. നേരിട്ടുള്ള മത്സരത്തിന് നരേന്ദ്രമോദി ഇല്ലെങ്കിൽ ബി.ജെ.പി.ക്ക് കാലിടറുന്നു എന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പ്രകടമാകുന്നത്. പഞ്ചാബിലും രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, മഹാരാഷ്ട്ര ഒടുവിലായി ജാർഖണ്ഡിലും ഇത് പ്രകടമായി.

കൂടാതെ സാമ്പത്തികമാന്ദ്യവും കാർഷിക-തൊഴിൽ മേഖലകളിലും വാണിജ്യ-വ്യവസായ രംഗങ്ങളിലും ബാധിച്ചിട്ടുള്ള മരവിപ്പും ക്രയശേഷിയിലുണ്ടായ കുറവുമൊക്കെ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ദേശസ്നേഹവും സുസ്ഥിര സർക്കാരും വിഷയമാക്കിയുള്ള ബി.ജെ.പി. പ്രചാരണം അതിനാൽത്തന്നെ വലിയതോതിൽ ഫലിക്കുന്നില്ല. ആദിവാസികൾ ജനസംഖ്യയുടെ മൂന്നിലൊന്നുള്ള ജാർഖണ്ഡിൽ, ആദിവാസി വിഭാഗത്തിൽ നിന്നല്ലാത്ത രഘുബർദാസിനെ മുൻനിറുത്തി മത്സരിച്ചതും ബി.ജെ.പി.ക്ക് വിനയായി.

narendramodi

പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തു നിന്നും ബഹുജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് വിജയം അനിവാര്യമായിരുന്നു. വിഷയത്തില്‍ ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക, തലസ്ഥാനമായ ഡല്‍ഹി എന്നിവിടങ്ങളില്‍ രൂക്ഷമായ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ ബി.ജെ.പിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അപ്രമാദിത്വം കൂടിയാണ് ചോദ്യം ചെയ്യപ്പെടുക.