വീടായാൽ ഒരു മുറ്റം മലയാളിക്ക് അത്യാവശ്യമാണ്, അതിരുകളിൽ മനോഹരമായ പൂക്കളും, പുൽത്തകിടിയും ഒരുക്കി ആരും കൊതിക്കുന്ന മുറ്റം നിർമ്മിക്കുവാൻ വൻ തുക തന്നെ മുടക്കാൻ യാതൊരു മടിയും അതിനാൽ കാട്ടാറുമില്ല. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് കൊല്ലം ജില്ലയിലെ കൂട്ടിക്കടയിലെ മദീന മൻസിലിലെ ഷീജ. ഇത്തിരി മുറ്റത്ത് നിന്നും ജീവിക്കാനാവശ്യമായ പണം കണ്ടെത്തുന്നതിൽ വിജയിച്ച ഒരു വീട്ടമ്മയാണ് ഇവർ. മനോഹരങ്ങളായ ഓർക്കിഡ് ചെടികൾ കൊണ്ട് പൊതിഞ്ഞതാണ് ഷീജയുടെ വീട്. മുറ്റത്തും, ചുവരുകളിലും, മട്ടുപ്പാവിലുമെല്ലാം പൂത്ത് നിൽക്കുന്ന ഓർക്കിഡ് ചെടികളാണ് ഇവിടെ എത്തുന്നവരെ വരവേൽക്കുന്നത്. പൂക്കളുടെയും ചെടികളുടെയും വർണാഭമായ ഒരു ഉത്സവമാണ് ഈ വീട്ടുമുറ്റത്ത്. ഷീജയുടെ ആശയത്തിന് താങ്ങും തണലുമായി പ്രവാസിയായിരുന്ന ഭർത്താവ് ഷാഫികൂടി ചേർന്നതോടെയാണ് ഓർക്കിഡ് വസന്തം ഇവിടെയൊരുങ്ങിയത്.